ബയോമൈനിങ് പദ്ധതി: ജില്ലാതല അവലോകന കമ്മിറ്റി രൂപീകരിച്ചു വടക്കാഞ്ചേരിയില്‍ കൂടിയാലോചനാ യോഗം

Thrissur / May 15, 2024

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മൂന്ന് നഗരസഭകളിലെ ബയോമൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല അവലോകന കമ്മിറ്റി രൂപീകരിച്ചു. വടക്കാഞ്ചേരി, കുന്നംകുളം, ചാലക്കുടി എന്നീ നഗരസഭകളിലെ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നിരീക്ഷിക്കും. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കെഎസ് ഡബ്ല്യുഎംപി ഡെപ്യൂട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും കെഎസ് ഡബ്ല്യുഎംപിയിലെയും എന്‍വയോണ്‍മെന്‍റ് എഞ്ചിനീയര്‍മാര്‍, സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

അതേസമയം കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി ) നടപ്പാക്കുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട് ഡംപ് സൈറ്റ് ബയോമൈനിങ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വടക്കാഞ്ചേരിയില്‍ ആലോചനാ യോഗം സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് മുമ്പിന്‍ പദ്ധതി വിശദീകരിക്കുന്നതിനായി നഗരസഭ കൗണ്‍സില്‍ ഹാളിലും ഹരിതകര്‍മ്മസേന, പ്രദേശവാസികള്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്കായി കുമ്പളങ്ങാട് മാലിന്യ സംസ്കരണ പ്ലാന്‍റിലുമാണ് യോഗം സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ ഇരുപതോളം നഗരങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വീണ്ടെടുക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി ) നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് കുമ്പളങ്ങാട്. നഗരങ്ങളെ കൂടുതല്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ ഈ ഭൂമി വിനിയോഗിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. നാഗ്പൂര്‍ ആസ്ഥാനമായുള്ള എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബയോമൈനിങ് പ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തിരിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി. എന്‍ സുരേന്ദ്രന്‍ ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു. ബയോമൈനിങ്ങിലൂടെ വീണ്ടെടുക്കുന്ന സ്ഥലത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പദ്ധതിയുള്ളതായി നഗരസഭാ സെക്രട്ടറി കെ. കെ മനോജ് പറഞ്ഞു. കെഎസ് ഡബ്ല്യുഎംപി  ഉദ്യോഗസ്ഥര്‍, എസ് എം എസ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വടക്കാഞ്ചേരി നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ ആവശ്യകതയും നേട്ടങ്ങളും വിശദീകരിച്ചു. പദ്ധതിയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുക, അവരുടെ അഭിപ്രായങ്ങളും ആശങ്കകളും കേള്‍ക്കുക, അവ പരിഹരിക്കുക, ബന്ധപ്പെട്ടവരുടെ സഹകരണം ഉറപ്പാക്കുക എന്നിവയായിരുന്നു യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ സുരക്ഷയും പാലിക്കുമെന്നും പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. ബന്ധപ്പെട്ട അധികൃതര്‍ അംഗങ്ങളായ കൂട്ടായ്മയ്ക്ക് പുറമേ സുഗമമായ ആശയവിനിമയത്തിനായി വാര്‍ഡ് മെമ്പര്‍, പ്രാദേശിക സാമുദായിക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

കെഎസ് ഡബ്ല്യുഎംപി യുടെ പരാതി പരിഹാര ടോള്‍ ഫ്രീ നമ്പറായ 1800-425-0238 എന്ന നമ്പറിലോ  grmkswmp@gmail.com    എന്ന ഇ-മെയില്‍ വഴിയോ ജനങ്ങള്‍ക്ക് മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കെഎസ്ഡബ്ല്യൂഎംപി സിറ്റിസണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും

 

Photo Gallery