രാസലഹരി മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി- കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
Kochi / May 9, 2024
കൊച്ചി: രാസലഹരിയാണ് ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍ ഐപിഎസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കും കൊച്ചി സിറ്റി പോലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരായ ജോലിക്കാരിലാണ് ഏറ്റവുമധികം ലഹരി ഉപയോഗിക്കാനുള്ള വ്യഗ്രത കാണുന്നത്. വീട്ടില്‍ നിന്ന് മാറി, കൂട്ടുകാര്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നതിലെ രസത്തില്‍ നിന്നാണ് ലഹരിയിലേക്ക് വഴുതി വീഴുന്നത്. എന്നാല്‍ രാസലഹരിയിലേക്ക് പോകുന്നത് മാരകമാണെന്ന് അദ്ദേഹം പറഞ്ഞു. മെത്ത്ആംഫന്‍റമൈന്‍ പോലുള്ള രാസലഹരി മൂന്നു പ്രാവിശ്യം ഉപയോഗിച്ചാല്‍ തന്നെ അതിന് അടിമയായി മാറും. ഇത് പലരും മനസിലാക്കുന്നില്ല.
ലഹരിക്കെതിരായ ബോധവത്കരണം ശക്തമായെങ്കില്‍ മാത്രമേ ഇതിന്‍റെ ആവശ്യക്കാര്‍ കുറയുകയുള്ളൂ. വിതരണശൃംഖല തടസ്സപ്പെടുത്താനുള്ള പ്രയത്നങ്ങള്‍ ഒരു പരിധി വരെ മാത്രമേ ഫലം കാണുന്നുള്ളൂവെന്നും കമ്മീഷണര്‍ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിലെ വിവിധ ഐടി കമ്പനികളില്‍ നിന്നായി 150 ഓളം ജീവനക്കാരും മേധാവികളും പരിപാടിയില്‍ പങ്കെടുത്തു. തൃക്കാക്കര അസി. കമ്മീഷണര്‍ സന്തോഷ് കുമാര്‍ സി ആര്‍, എസ്എച്ഒ അനില്‍കുമാര്‍ ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് ജിയോജിത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് കമ്മീഷണര്‍ മറുപടി നല്‍കി.
ENDS
Photo Gallery
