ബിഐഎം ഹബ്ബാകാന്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍
Thrissur / May 8, 2024
തൃശൂര്‍:വിദേശത്ത് ഇന്നേറ്റവും വലിയ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ നടക്കുന്ന ബില്‍ഡിംഗ് ഇന്‍ഫോര്‍മേഷൻ മോഡല്‍ അഥവാ ബിഐഎം സാങ്കേതികവിദ്യയില്‍ കേരളത്തിലെ കമ്പനികള്‍ നേട്ടമുണ്ടാക്കുകയാണ്. ഇന്‍ഫോപാര്‍ക്കിന്‍റെ കൊച്ചി, തൃശൂര്‍ കാമ്പസുകളില്‍ ഈ വിഭാഗത്തിലുള്ള എട്ടോളം ബിഐഎം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.
വിദേശങ്ങളില്‍ പാര്‍പ്പിടങ്ങള്‍ മുതല്‍ ബഹുനില കെട്ടിടങ്ങള്‍ വരെ പണിയുന്നതിനുള്ള അനുമതിയ്ക്കായി ബിഐഎം പ്ലാന്‍ നല്‍കേണ്ടതുണ്ട്. കെട്ടിടനിര്‍മ്മാണത്തിന്‍റെ ഓരോ മേഖലയ്ക്കും പ്രത്യേകമായി ബിഐഎം പ്ലാന്‍ സമര്‍പ്പിക്കണം.
ഉദാഹരണത്തിന് വൈദ്യുതശൃംഖല, പ്ലംബിംഗ്, എസി ഡക്ടുകള്‍, ഗ്ലാസ് മറകള്‍, വാതായനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകമായി ഡിസൈന്‍ സമര്‍പ്പിക്കണം. ഇത് ഔട്ട്സോഴ്സ് ചെയ്യുന്നതിലാണ് കേരളത്തിലെ കമ്പനികള്‍ക്ക് വലിയ സാധ്യതയുള്ളത്. ഓരോ മേഖലയിലും പ്രാവീണ്യമുള്ള എന്‍ജിനീയറിംഗ് ബിരുദധാരികളെ ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. അതിനായി പ്രത്യേകം സോഫ്റ്റ് വെയറുകളും പ്രചാരത്തിലുണ്ട്.
മികച്ച നൈപുണ്യ ശേഷിയുള്ള ജീവനക്കാരെ ലഭിക്കുമെന്നതാണ് ബിഐഎം കമ്പനികള്‍ കേരളത്തില്‍ ആസ്ഥാനമുറപ്പിക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം സാങ്കേതികപരിജ്ഞാന മേഖലകളില്‍ നൈപുണ്യ വികസനം നല്‍കുന്നതിനുള്ള കോഴ്സുകളും നടത്തുന്നുണ്ട്. ഇതും ബിഐഎം മേഖയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെ, കാനഡ, ആസ്ത്രേലിയ എന്നിവിടങ്ങളിലാണ് ബിഐഎം സേവനങ്ങളുടെ പ്രധാന ഉപഭോക്താക്കളുള്ളതെന്ന് എന്‍ഡിയോണ്‍ സിഇഒ ജിതിന്‍രാജ് സി വി പറഞ്ഞു. നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വ്യക്തിഗതമായ ശ്രദ്ധ നല്‍കേണ്ട സാഹചര്യത്തില്‍ ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റലേഷന്‍ ജോലികളില്‍ ബിഐഎം രീതി അത്യന്താപേക്ഷിതമാണ്. ബിഐഎം സേവനങ്ങള്‍ നല്‍കുന്നതിന് ഹ്രസ്വകാല പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും കൊച്ചിയിലുണ്ട്. അത്തരം കോഴ്സുകള്‍ പാസായവരാണെങ്കില്‍ തുടക്കക്കാര്‍ക്കും നിരവധി തൊഴിലവസരങ്ങള്‍ ഇവിടെയുണ്ടെന്ന് ജിതിന്‍ രാജ് പറഞ്ഞു.
അതീവശ്രദ്ധവേണ്ട സാങ്കേതികവിദ്യയാണിതെന്ന് ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഎസ് ബിഐഎം എന്‍ജിനീയറിംഗിലെ ഡയറക്ടര്‍ പ്രസാദ് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. തൃശൂരിലിരുന്ന് ചെയ്യുന്ന ഡിസൈന്‍ നേരെ പണി സ്ഥലത്തെ സൂപ്പര്‍വൈസര്‍മാരിലേക്കും തൊഴിലാളികളിലേക്കുമാണ് പോകുന്നത്. അതിനാല്‍ തന്നെ പിഴവ് വരുത്തുന്ന കാര്യം ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ ഇനിയും പ്രചാരത്തിലായിട്ടില്ലെന്ന് ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ എലമെന്‍റ്സ് ഫസാഡിലെ ഡയറക്ടര്‍ വികാസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വമായി മാത്രമേ ഇന്ത്യയിലെ നിര്‍മ്മാണ മേഖല ഇത് ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ബിഐഎം മേഖലയിലെ എല്ലാ കമ്പനികള്‍ക്കും അവര്‍ പ്രവര്‍ത്തിക്കുന്ന വിദേശ രാജ്യങ്ങളില്‍ പൂര്‍ണ്ണസജ്ജമായ ഓഫീസ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്ഡിസൈനിംഗ്, എസ്എഎസ്, എസ്എപി തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഐടി കമ്പനികള്‍. ഇന്ദീവരം കെട്ടിടത്തിന്‍റെ നാലാം നിലയില്‍ 17 ഓളം പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ് സ്പേസുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് marketing@infopark.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
ENDS
Photo Gallery
