കൂട്ടുപാത ബയോ മൈനിങ് പദ്ധതി; ജില്ല, നഗരസഭ മോണിറ്ററിങ് സമിതികള്‍ രൂപീകരിച്ചു
Palakkad / May 6, 2024
പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) നടപ്പാക്കുന്ന പാലക്കാട് കൂട്ടുപാതയിലെ ഡമ്പ്സൈറ്റ് ബയോ മൈനിങ് പദ്ധതിക്കായി ജില്ല, നഗരസഭാ തല മോണിറ്ററിങ് സമിതികള്‍ക്ക് രൂപം നല്‍കി. സംസ്ഥാനത്തെ 20 നഗരങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വീണ്ടെടുക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കെഎസ് ഡബ്ല്യുഎംപി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് കൂട്ടുപാതയിലേത്. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പാലക്കാട് നഗരസഭയുടെ കൂട്ടുപാത ഡംപ്സൈറ്റ്.
ബയോ മൈനിങ് പദ്ധതി അംഗീകൃത രൂപകല്‍പ്പനയും സാങ്കേതികവിദ്യയും പാലിച്ചുകൊണ്ട് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായിട്ടാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. പാലക്കാട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ചെയര്‍മാനായിട്ടുള്ള സമിതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍, സോഷ്യല്‍ എക്സ്പേര്‍ട്ട്, എന്‍വയോണ്‍മെന്‍റ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങള്‍ ആണ്.
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ഡബ്ലിയു.എം എന്‍ജിനീയര്‍ നിമില്‍ എം പദ്ധതിയുടെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും തീരുമാനിച്ചു.
ഇതോടൊപ്പം നഗരസഭാ തലത്തില്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേഷന്‍ സമിതിക്കും പരാതി പരിഹാര സമിതിക്കും രൂപം നല്‍കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, ബയോ മൈനിങ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം.
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍, മുനിസിപ്പല്‍ സെക്രട്ടറി, എന്‍ജിനീയറിംഗ്, ആരോഗ്യ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ സാങ്കേതിക, സുരക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ല പ്രൊജക്റ്റ് മാനേജ്മന്‍റ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഡംപ്സൈറ്റ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മെമ്പര്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍, നഗരസഭാ അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ക്ലീന്‍ സിറ്റി മാനേജര്‍, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍, സാമൂഹിക-പരിസ്ഥിതി വിദഗ്ധര്‍, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍ എന്നിവരാണ് നഗരസഭ മോണിറ്ററിങ് സമിതിയിലെ അംഗങ്ങള്‍.
പദ്ധതിയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുന്നതിനായി കൂട്ടുപാതയില്‍ യോഗം സംഘടിപ്പിച്ചിരുന്നു. പദ്ധതിയില്‍ സാമൂഹിക, പരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രാദേശിക സമൂഹത്തിന്‍റെ ആശങ്ക പരിഹരിക്കുമെന്നും യോഗത്തില്‍ അധികൃതര്‍ ഉറപ്പുനല്‍കി.
പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ 1800-425-0238 എന്ന ടോള്‍ ഫ്രീ നമ്പറിലോ കെഎസ് ഡബ്ല്യുഎംപി സിറ്റിസണ്‍ ആപ്പിലോ (KSWMP CITIZEN APP), grmkswmp@gmail.com എന്ന ഇമെയിലിലോ അറിയിക്കാവുന്നതാണ്.
ENDS
Photo Gallery
