റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ഇന്ന്(11.06.2022) മുതല്‍

റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ഇന്ന്(11.06.2022) മുതല്‍
Kochi / June 10, 2022

കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷനും  സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയ്ക്ക് ഇന്നു(11.06.2022) തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി ഞായറാഴ്ച സമാപിക്കും.
    റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയ്ക്ക് മുന്നോടിയായി നടത്തിയ 30 മണിക്കൂര്‍ നീണ്ടു നിന്ന അഗ്രി-ടെക് ഹാക്കത്തോണ്‍ വെള്ളിയാഴ്ച സമാപിച്ചു. കാര്‍ഷികരംഗത്ത ആറ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതായിരുന്നു ഹാക്കത്തോണിലൂടെ ഉദ്ദേശിച്ചിരുന്നത്. 102 അപേക്ഷകള്‍ വരികയും അതില്‍ നിന്ന് 25 പേരെയാണ് ഹാക്കത്തോണിന് തെരഞ്ഞെടുത്തത്. മികച്ച അഞ്ച് ടീമുകള്‍ക്ക് തങ്ങളുടെ നൂതനാശയത്തെക്കുറിച്ച ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം അവതരണം നടത്താന്‍ അവസരമുണ്ടായിരിക്കുന്നതാണ്.
    ഓരോ വിഷയത്തിനും വിജയകരമായ പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുന്ന ആശയത്തിനുടമയ്ക്ക് 50,000 രൂപ സമ്മാനം ലഭിക്കും. ഇതു കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന 12 ലക്ഷം രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസരവും വിജയിക്ക് ലഭിക്കും.
    സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തുന്ന പിച്ചിംഗും ഉച്ചകോടിയില്‍ ഉണ്ടാകും.
    രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരായ 40 ഓളം പേരാണ് രണ്ട് ദിവസത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.    ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരായ സോഷ്യല്‍ ആല്‍ഫ ,സ്റ്റാര്‍ട്ടപ് ഇന്ത്യ ,സെന്‍ട്രല്‍ യൂണിവേഴ്സിറ്റി,എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് ,കേരള കാര്‍ഷിക കോളേജ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ രീതിയിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
    ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് രണ്ടാം ലക്കത്തിന്‍റെ പ്രമേയം. ഇന്ത്യയിലെ പ്രമുഖ  സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകരുടെ പങ്കാളിത്തം,  കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണിസാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ നടക്കും. 

Photo Gallery