കൂട്ടുപാതയിലെ ഡമ്പ് സൈറ്റ് ബയോ മൈനിങ്; ആലോചനാ യോഗം സംഘടിപ്പിച്ചു
Palakkad / May 3, 2024
പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) നടപ്പാക്കുന്ന പാലക്കാട് കൂട്ടുപാതയിലെ ഡമ്പ് സൈറ്റ് ബയോ മൈനിങ് പദ്ധതിയില്‍ സാമൂഹിക, പരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രാദേശിക സമൂഹത്തിന്‍റെ ആശങ്ക പരിഹരിക്കുമെന്നും കൂടിയാലോചനാ യോഗത്തില്‍ അധികൃതര്‍ ഉറപ്പുനല്‍കി. പാലക്കാട് നഗരസഭയിലെയും കൊടുമ്പ് ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ ആവശ്യകതയും നടപ്പാക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും വിശദീകരിച്ചു.
സംസ്ഥാനത്തെ ഇരുപതോളം നഗരങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വീണ്ടെടുക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കെഎസ് ഡബ്ല്യുഎംപി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് കൂട്ടുപാതയിലേത്. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പാലക്കാട് നഗരസഭയുടെ കൂട്ടുപാത ഡംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. നഗരങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി മാറ്റുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ ഈ ഭൂമി വിനിയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കൂടിയാലോചനാ യോഗം പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ നിര്‍ദേശപ്രകാരം കൂട്ടുപാതയിലെ മാലിന്യ നിക്ഷേപ കേന്ദ്രം ബയോപാര്‍ക്കാക്കി മാറ്റുമെന്ന് അവര്‍ പറഞ്ഞു. ഫണ്ടുകള്‍ സമാഹരിച്ച് മികച്ച ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ പദ്ധതിയിടുന്നതായും അവര്‍ പറഞ്ഞു.
പദ്ധതിയുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുന്നതിനും പദ്ധതിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. പ്രദേശവാസികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേള്‍ക്കുകയും അവ പരിഹരിക്കുകയും ബന്ധപ്പെട്ടവരുടെ സഹകരണം ഉറപ്പാക്കുകയുമായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം. പദ്ധതിയുടെ കാലാവധി, പ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരിസ്ഥിതി സുരക്ഷാസംവിധാനങ്ങള്‍, മാലിന്യ കേന്ദ്രത്തിന്‍റ വരുംകാല ഉപയോഗം എന്നിവയെപ്പറ്റിയും യോഗത്തില്‍ വിശദീകരിച്ചു.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ സുരക്ഷയും പാലിക്കുമെന്നും പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. ഗതാഗത പദ്ധതി, ലീച്ചേറ്റ് മാനേജ്മെന്‍റ്, ജെന്‍ഡര്‍ വിഷയങ്ങള്‍, ലേബര്‍ മാനേജ്മെന്‍റ്, സ്റ്റേക്ക്ഹോള്‍ഡേഴ്സിന്‍റെ ഇടപെടല്‍ എന്നിവയടക്കം മുഴുവന്‍ പ്രക്രിയകളെ പറ്റിയും കെഎസ്ഡബ്ല്യുഎംപി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ബന്ധപ്പെട്ട അധികൃതര്‍ അംഗങ്ങളായ കൂട്ടായ്മയ്ക്ക് പുറമേ സുഗമമായ ആശയവിനിമയത്തിനായി വാര്‍ഡ് മെമ്പര്‍, പ്രാദേശിക സാമുദായിക പ്രതിനിധികള്‍, എന്നിവരുള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള കുരീപ്പുഴയിലെ അശാസ്ത്രീയ മാലിന്യക്കൂന വീണ്ടെടുത്ത വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സ്മിതേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലീന്‍ സിറ്റി മാനേജര്‍ വിമല്‍ ഇ പി, എസ്എംഎസ്എല്‍ (ക്ലസ്റ്റര്‍ 2) പ്രോജക്ട് ഹെഡ് അഹമ്മദ് റഷീഖ്, കെഎസ് ഡബ്ല്യുഎംപിയിലെയും മറ്റ് ഏജന്‍സികളിലെയും ഉദ്യോഗസ്ഥരും പ്രദേശവാസികളും പങ്കെടുത്തു.
Photo Gallery