രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്
Calicut / May 3, 2024
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടം. എംവിആര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററിലെ ഡിപ്പാര്‍ട്ട്മന്‍റ് ഓഫ് ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് സെല്ലുലാര്‍ തെറാപ്പിയുടെ ആറ് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്.
കാലിക്കറ്റ് ഫോറം ഫോര്‍ ഐടി, സീനോഡ് ടെക്നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക് കമ്പനികളിലെ ജീവനക്കാരില്‍ നിന്നും ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മന്‍റ് ഓഫ് ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. നിതിന്‍ ഹെന്‍റി പറഞ്ഞു. 121 ബാഗ് രക്തം സംഭരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഏറ്റവുമധികം രക്തബാഗുകള്‍ സംഭരിച്ചത് ഇക്കുറിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയധികം ചെറുപ്പക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമെന്ന നിലയില്‍ സൈബര്‍പാര്‍ക്കില്‍ നിശ്ചിത ഇടവേളകളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കലാവസ്ഥാ വ്യതിയാനം പോലുള്ള വിവിധ ഘടകങ്ങള്‍ കൊണ്ട് ബ്ലഡ് ബാങ്കിലെ സംഭരണം കുറഞ്ഞിരിക്കുന്ന സാഹചര്യമായിരുന്നു. ഈ ഘട്ടത്തില്‍ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാന്‍ അനുവാദം തന്ന കോഴിക്കോട് സൈബര്‍പാര്‍ക്കിന് പ്രത്യേക നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പിനോട് മികച്ച രീതിയിലാണ് കമ്പനികള്‍ പ്രതികരിച്ചതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. രക്തദാനത്തിനായി ചെറുപ്പക്കാര്‍ മുന്നോട്ടു വരുന്നത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. നിശ്ചിത ഇടവേളകളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Photo Gallery
