പ്രശസ്തമായ യുഎസ്-ഐവിഎല്‍പി പ്രോഗ്രാമിന് ഇന്ത്യയില്‍ നിന്ന് ഏക പ്രതിനിധി മലയാളിയായ നാസിഫ് എന്‍ എം

Kochi / May 3, 2024

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ നേതൃത്വപരിശീലന പരിപാടിയായ ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം(ഐവിഎല്‍പി) മിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രോഗ്രാംസ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഹെഡ് നാസിഫ് എന്‍ എമ്മിനെ തെരഞ്ഞെടുത്തു. ടെക്നോളജി ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് എന്ന വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഈ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് നാസിഫ്. ആകെ 20 രാജ്യങ്ങളില്‍ നിന്ന് 20 പ്രതിനിധികളാണ് മെയ് നാല് മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

1940 ല്‍ സ്ഥാപിതമായ ഐവിഎല്‍പിയില്‍ ഇതിനകം രണ്ട് ലക്ഷത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. പല രാജ്യങ്ങളിലും പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവന്മാരുമായ അഞ്ഞൂറോളം പ്രശസ്തര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.

കേരളത്തില്‍ നിന്നും മുന്‍ ടെക്നോപാര്‍ക്ക് സിഇഒ ജി വിജയരാഘവന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ സജീവ പ്രവര്‍ത്തനമാണ് നാസിഫിനെ ഈ നേട്ടത്തിലെത്തിച്ചതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. അമേരിക്കയില്‍ സാങ്കേതിക-സംരംഭക രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം, ചര്‍ച്ച, എന്നിവയ്ക്കുള്ള അവസരത്തിന് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര രീതികള്‍ മനസിലാക്കുന്നതിനും അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 എറണാകുളം നെട്ടൂര്‍ സ്വദേശിയായ നാസിഫ് മാറമ്പള്ളി എം ഇ എസ് കോളേജിലെ  എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിവിധ ചുമതലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. 

ENDS

Photo Gallery

+
Content