ഇന്ത്യഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് മീറ്റില്‍ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരം കെഎസ്യുഎമ്മിന്

ഇന്ത്യഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് മീറ്റില്‍ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരം കെഎസ്യുഎമ്മിന്
Trivandrum / June 9, 2022

തിരുവനന്തപുരം: ബംഗളുരുവില്‍ നടന്ന ഇന്ത്യഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് മീറ്റില്‍ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്സ് ആന്‍റ് ഓട്ടോമേഷനാണ് (എഐസിആര്‍എ) സ്റ്റാര്‍ട്ടപ്പ് മീറ്റ് സംഘടിപ്പിച്ചത്.

ഇതിനു പുറമെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്ത 15 സ്റ്റാര്‍ട്ടപ്പുകളില്‍ നാല് എണ്ണം വിവിധ വിഭാഗങ്ങളില്‍ പുരസ്ക്കാരങ്ങള്‍ നേടി. മികച്ച ആരോഗ്യ സ്റ്റാര്‍ട്ടപ്പായി കോഴിക്കോടുള്ള കോഎക്സിന്‍ ടെക്നോളജീസ് മെന്‍റല്‍ ഹെല്‍ത്ത് സര്‍വീസ് തെരഞ്ഞെടുക്കപ്പെട്ടു. ഇനോവേറ്റീവ് സ്മാര്‍ട്ട് സിറ്റി കണ്‍സെപ്റ്റ് വിഭാഗത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള ഫിറ്റ് ഇന്‍ കണ്‍സല്‍ട്ടന്‍റ്സ് വിജയിയായി. 

മികച്ച ഇനോവേറ്റീവ് ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് പുരസ്ക്കാരം കൊച്ചിയിലെ പിന്‍മൈക്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ഇനോവേറ്റീവ് കോണ്‍സപ്റ്റ് വിഭാഗത്തിലെ പുരസ്ക്കാരം കോഴിക്കോടുള്ള ഇ പ്ലെയിന്‍ കമ്പനിക്കാണ്.

ദേശീയതലത്തില്‍ തന്നെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതിയെ കാണുന്നതെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും നൂതന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കെഎസ്യുഎമ്മിന് ഈ ബഹുമതി കൂടുതല്‍ പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പിന്‍റെ ആദ്യ ലക്കം ഈ വര്‍ഷമാദ്യം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം ലക്കമായിരുന്നു ബംഗളുരിവിലേത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടുത്ത ലക്കം മുംബൈയില്‍ നടക്കും.

കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി ഡോ. അശ്വഥ് നാരായണ്‍ സി, എഐസിആര്‍എ പ്രസിഡന്‍റ് രാജ് കുമാര്‍ ശര്‍മ്മ, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തെ വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വേദിയൊരുക്കുകയായിരുന്നു ഈ സമ്മേളനത്തിന്‍റെ ലക്ഷ്യം. പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ മുതലായവ സമ്മേളനത്തിന്‍റെ മുഖമുദ്രയാണ്.    
 

Photo Gallery

+
Content