മുഴപ്പിലങ്ങാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം വകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഫ്ളോട്ടിങ് ബ്രിഡ്ജുകളും താത്കാലികമായി അഴിച്ചുമാറ്റി
Trivandrum / April 1, 2024


തിരുവനന്തപുരം: മുഴപ്പിലങ്ങാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ബീച്ചുകളിലെ ഫ്ളോട്ടിങ് ബ്രിഡ്ജുകള്‍ താത്കാലികമായി അഴിച്ചുമാറ്റാന്‍ ഞായറാഴ്ച വൈകിട്ട് തന്നെ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലു(ഡിടിപിസി)കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ വിവിധ ബീച്ചുകളിലുള്ള ഫ്ളോട്ടിങ് ബ്രിഡ്ജുകള്‍ ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയോടെയുമായി അഴിച്ചുമാറ്റി.

മണ്‍സൂണിന് മുമ്പ് വേനല്‍ക്കാലത്ത് ഉണ്ടാകുന്ന 'കള്ളക്കടല്‍' എന്ന പ്രതിഭാസത്തെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ശക്തമായ തിരയടിയും കടലേറ്റവും രൂപപ്പെട്ടിരുന്നു. തിരയടിയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജുകള്‍ക്ക് കേടുപാട് ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് അഴിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്.

കാസര്‍കോട്ടെ ബേക്കല്‍, കോഴിക്കോട്ടെ ബേപ്പൂര്‍, കണ്ണൂരിലെ മുഴപ്പിലങ്ങാട്, മലപ്പുറത്തെ താനൂര്‍ തൂവല്‍, തൃശൂരിലെ ചാവക്കാട്, എറണാകുളത്തെ കുഴുപ്പിള്ളി, എന്നിവിടങ്ങളിലെ ഫ്ളോട്ടിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനം ആണ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനും കടല്‍ക്കാഴ്ച ആസ്വദിക്കാനുമാകുമെന്നതാണ് 100 മീറ്റര്‍ നീളത്തിലുള്ള ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത. ബീച്ചുകളിലെ മറ്റ് ടൂറിസം പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

Photo Gallery