ഇറ്റാലിയന്‍ ഐടി കമ്പനിയായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നു

Trivandrum / March 19, 2024

തിരുവനന്തപുരം: ഇറ്റാലിയന്‍ ബിസിനസ് ഗ്രൂപ്പായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി നൈപുണ്യമികവിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും താത്പര്യം പ്രകടിപ്പിച്ചു. ഗ്രുപ്പോ സെനിറ്റിന്‍റെയും അനുബന്ധ സ്ഥാപനമായ ഇ-ടീം ഇന്‍ഫോര്‍മാറ്റിക്കയുടെയും പ്രതിനിധി സംഘത്തിന്‍റെ ടെക്നോപാര്‍ക്ക് സന്ദര്‍ശന വേളയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

ഗ്രുപ്പോ സെനിറ്റിന്‍റെ ബിസിനസ് കോച്ചും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍റുമായ വലേരിയ ഫാസിയോയുടെ നേതൃത്വത്തിലുള്ള സംഘം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരു(റിട്ട.)മായും പാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥരുമായും ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്തു. ടെക്നോപാര്‍ക്കിന്‍റെ ആവാസവ്യവസ്ഥയിലും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലും മതിപ്പ് പ്രകടിപ്പിച്ച സന്ദര്‍ശകര്‍ മികച്ച കര്‍മ്മശേഷിയുള്ള പാര്‍ക്ക് ജീവനക്കാരുടെ സംഘത്തെ പ്രശംസിക്കുകയും ചെയ്തു.

നൂതനാശയങ്ങളിലും പുതിയ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ സമന്വയത്തിലും ഗ്രുപ്പോ സെനിറ്റ് വിശ്വസിക്കുന്നുണ്ടെന്ന് വലേരിയ ഫാസിയോ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ സവിശേഷമായ അന്തരീക്ഷത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കമ്പനിക്ക് കൂടുതല്‍ വളരാന്‍ കഴിയുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐടി വ്യവസായത്തിലെ ശ്രദ്ധേയരായ സേവന ദാതാക്കളായ ഗ്രുപ്പോ സെനിറ്റിന്‍റെയും ഇ-ടീം ഇന്‍ഫോര്‍മാറ്റിക്കയുടെയും ഓഫീസുകള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്പനികള്‍ക്ക് ആഗോള നിലവാരത്തില്‍ ഉയരാനും കഴിവ് പ്രകടിപ്പിക്കാനുമുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രധാന ഐടി ഹബ്ബായി ടെക്നോപാര്‍ക്ക് വികസിച്ചത് എങ്ങനെയെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) വിശദീകരിച്ചു.

ഗ്രുപ്പോ സെനിറ്റ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍ മാനേജര്‍ ലോറെന്‍സോ ബോസോല, ഐടി സൊല്യൂഷന്‍സ് മാനേജര്‍ ലൂക്ക ബിയാഞ്ചി, ഇ-ടീം ഇന്‍ഫോര്‍മാറ്റിക്ക ജനറല്‍ മാനേജര്‍ അനൂപ് നായര്‍, ടെക്നോപാര്‍ക്കിലെ കസ്റ്റമര്‍ റിലേഷന്‍ഷിപ്സ് എജിഎം വസന്ത് വരദ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Photo Gallery

+
Content