തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം

Trivandrum / March 15, 2024

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം. 2023-24 വര്‍ഷത്തിലും നേട്ടം ആവര്‍ത്തിച്ചതോടെ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,40,396 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ആണ് ആരംഭിക്കാനായത്. 15,167.36 കോടി രൂപയുടെ നിക്ഷേപവും 5,09,740 തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമായി.

2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 1,00,556 സംരംഭങ്ങള്‍ ആണ് ആരംഭിച്ചത്. ഈ കാലയളവില്‍ 6745.36 കോടി രൂപയുടെ നിക്ഷേപവും 2,10,776 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

സംരംഭക വര്‍ഷത്തില്‍ 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ 1,39,840 പുതിയ സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഈ കാലയളവില്‍ സാധിച്ചു.

കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ഇത് വ്യവസായ വകുപ്പിന്‍റെ മറ്റ് പദ്ധതികളുടെ  വേഗത്തിലുള്ള നടപ്പാക്കലിന് ഊര്‍ജ്ജമേകുമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ സമ്പദ് ഘടനയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണ്. സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി ഒരു ലക്ഷം എംഎസ്എംഇകള്‍ ആരംഭിക്കാനും മൂന്നു മുതല്‍ നാലു ലക്ഷം വരെ തൊഴില്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് വ്യവസായ വകുപ്പ് തുടക്കമിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2023-24 ല്‍ പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ മൂന്നിലൊന്ന് (31,240) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ 3375 സംരംഭങ്ങളുമുണ്ട്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും എറണാകുളം ജില്ലയാണ് മുന്നില്‍. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 9000-ത്തിലേറ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന പത്തനംതിട്ട, കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലായി 13,237 യൂണിറ്റുകള്‍ ആരംഭിക്കുകയും 27,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഈ കാലയളവില്‍ ഉത്പാദന മേഖലയില്‍ 13,790 സംരംഭങ്ങള്‍ ആരംഭിക്കുകയും 1428.15 കോടി രൂപയുടെ നിക്ഷേപവും 37,124 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്തു. സേവന മേഖലയില്‍ 44,468 സംരംഭങ്ങളും 2705.13 കോടി രൂപയുടെ നിക്ഷേപവും 96,064 തൊഴിലവസരങ്ങളും ഉണ്ടായി. വ്യാപാരമേഖലയില്‍ 42,298 സംരംഭങ്ങള്‍ ആരംഭിച്ചു. 2612.14 കോടി രൂപയുടെ നിക്ഷേപവും 77,589 തൊഴിലവസരങ്ങളും ഒരുക്കാനായി.

ഉത്പാദന മേഖലയില്‍ 6669 അഗ്രോ ആന്‍ഡ് ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍ ആരംഭിച്ചു. സേവന പ്രവര്‍ത്തന മേഖലയില്‍ 9802 സംരംഭങ്ങളും ഹോട്ടല്‍, റെസ്റ്റോറന്‍റ്, കാറ്ററിംഗ് സര്‍വീസ്, ഭക്ഷ്യ സംസ്കരണ സേവന പ്രവര്‍ത്തന മേഖലയില്‍ 7448 സംരംഭങ്ങളും വസ്ത്ര ഡിസൈനിങ്, ആഭരങ്ങള്‍, തയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട് 5462 പുതിയ സംരംഭങ്ങളും 2023-24 ല്‍ ആരംഭിച്ചു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള വ്യവസായ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്‍റര്‍പ്രൈസ് ഡവലപ്മെന്‍റ് എകസിക്യൂട്ടീവുമാരെ നിയമിക്കുകയും 1034 ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സംരംഭകര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ പൊതു ബോധവത്കരണ പരിപാടിയില്‍ 57,528 പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ വായ്പാ, ലൈസന്‍സ്, സബ്സിഡി മേകളകളില്‍ ലഭിച്ച അപേക്ഷകളില്‍ 2871 കോടിയോളം രൂപയുടെ വായ്പകളും 3341 ലൈസന്‍സുകളും 852 സബ്സിഡികളും അനുവദിക്കുകയും ചെയ്തു.
 

Photo Gallery

+
Content