ഹരിതകര്‍മ്മ സേന മാലിന്യമുക്ത നവകേരളത്തിന്‍റെ വക്താക്കള്‍: ഡോ.ദിവ്യ എസ് അയ്യര്‍

Trivandrum / March 14, 2024

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്‍റെ വക്താക്കളാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ് ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93 നഗരസഭകളില്‍ സംഘടിപ്പിച്ച ഹരിതകര്‍മ്മ സേനയുടെ ത്രിദിന പരിശീലന പരിപാടിയുടെ സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.


മാലിന്യസംസ്കരണത്തെ കുറിച്ച് വലിയ ഗവേഷണങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത് അഭിമാനകരമായ കാര്യമാണ്. സംസ്ഥാനത്തിന് പുറത്തു പോലും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തിയുടെ തിളക്കം എത്തിച്ചേരുന്നുണ്ടെന്നും മുന്‍ തലമുറ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിച്ചതെന്തെന്ന് ചിന്തിച്ചാല്‍ ഇപ്പോള്‍ നേരിടുന്ന മാലിന്യപ്രശ്നങ്ങള്‍ പകുതി കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 116 ബാച്ചുകളിലായി 7500 ഓളം ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്.

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, 100% മാലിന്യശേഖരണവും യൂസര്‍ഫീ ശേഖരണവും ഉറപ്പ് വരുത്തുക, അധിക വരുമാനത്തിന്‍റെ കൂടുതല്‍ സാധ്യതകള്‍ പരിചയപ്പെടുത്തുക, പശ്ചാത്തല സംവിധാനങ്ങളും വാഹനങ്ങളും ആരോഗ്യ പരിരക്ഷാ മുന്‍കരുതലുകളും കൂടുതല്‍ സ്വീകരിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.  

സത്യന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കെഎസ് ഡബ്ല്യുഎംപി സോഷ്യല്‍ എക്സ്പേര്‍ട്ട് വൈശാഖ് എം ചാക്കോ, കപ്പാസിറ്റി ബില്‍ഡിംഗ് എക്സ്പേര്‍ട്ട് സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ അതുല്‍ സുന്ദര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ബി ബിജു, സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് എന്‍ജിനീയര്‍ കാര്‍ത്തിക എംജെ, കില ജില്ലാ ഫെസിലിറ്റേറ്റര്‍ സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content