വേനല്‍ച്ചൂടില്‍ ആശ്വാസമേകി മില്‍മയുടെ ഉല്‍പ്പന്ന വൈവിധ്യം

Trivandrum / March 12, 2024

തിരുവനന്തപുരം: കനത്ത വേനലില്‍ ആശ്വാസമായി ഐസ്ക്രീം, ശീതളപാനീയങ്ങള്‍, ഹെല്‍ത്ത് ഡ്രിങ്ക്സ് എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിച്ച് മില്‍മ. വേനലില്‍ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. മില്‍മയുടെ ഐസ്ക്രീം, മില്‍ക്ക് ഷേക്ക്, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ആവശ്യക്കാരാണുള്ളത്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച റീപൊസിഷനിങ് മില്‍മ പദ്ധതിയിലൂടെ പാലിനും വിവിധ മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം പൂര്‍ണ്ണമായി നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങളുടെ വിപണനം മികവുറ്റ രീതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൂടിനെ പ്രതിരോധിക്കുന്ന തൈര്, മോര്, യോഗര്‍ട്ട്, ലസ്സി, ചീസ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും മില്‍മ ഔട്ട്ലെറ്റുകളിലും ഏജന്‍സി സ്റ്റാളുകളിലും ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. മില്‍മയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗം നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ ശുചിത്വമുള്ളതും ശരിയായി ശീതീകരിച്ചതുമായ ഷെല്‍ഫുകളില്‍ സൂക്ഷിക്കാന്‍ മില്‍മ ഔട്ട്ലെറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

വാനില, സ്ട്രോബെറി, മാംഗോ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിങ്ങനെ വിവിധ രുചികളിലുള്ള മില്‍മ ഐസ്ക്രീം കുല്‍ഫി, ബോള്‍, കോണ്‍, നാച്ചുറല്‍സ് തുടങ്ങിയ വകഭേദങ്ങളില്‍ ലഭ്യമാണ്. ബട്ടര്‍ സ്കോച്ച്, സ്പാനിഷ് ഡിലൈറ്റ്, ഫിഗ് ആന്‍ഡ് ഹണി, ക്രഞ്ചി ബദാം, പിസ്ത, ചോക്ലേറ്റ് എന്നിവയാണ് മില്‍മയുടെ മുന്‍നിര ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്. ചക്ക, ബ്ലൂബെറി, ചിക്കൂ, കരിക്ക്, പാഷന്‍ ഫ്രൂട്ട്, ഫ്രൂട്ട് ആന്‍ഡ് നട്ട്, സ്പിന്‍ ആന്‍ഡ് പൈന്‍, പേരയ്ക്ക തുടങ്ങിയ ഫ്ളേവറുകളും ജനപ്രിയമാണ്.

ഇഞ്ചി ചേര്‍ത്ത കട്ടിമോര്, മാങ്ങ, പൈനാപ്പിള്‍, വാനില എന്നീ ഫ്ളേവറുകളിലുള്ള ലസ്സി എന്നിവയും ദാഹം ശമിപ്പിക്കാനുള്ള മില്‍മയുടെ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
 

Photo Gallery