ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പ് : മന്ത്രി മുഹമ്മദ് റിയാസ്

Trivandrum / March 13, 2024

തിരുവനന്തപുരം:  കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ മന്ത്രിസഭ പാസാക്കിയ ഡിസൈന്‍ നയം സുപ്രധാന സംഭാവന നല്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്.

സുസ്ഥിര വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് ഒരു ഡിസൈന്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലൂടെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതായിരിക്കും ഈ നയം. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ, ആഭ്യന്തര-ആഗോള വിപണി , മൂലധനസമാഹരണം തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു. നൂതനത്വവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസൈനിംഗില്‍ പാലിക്കേണ്ട മികച്ച സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ നയം സഹായിക്കും. സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണിത്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്താന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
മൂന്ന് ഘട്ട പ്രക്രിയകളിലൂടെയാണ് ഡിസൈന്‍ നയം തയ്യാറാക്കിയത്. ഇതിന്‍റെ ഭാഗമായി 2023 ജനുവരിയില്‍ ഒരു ദ്വിദിന ശില്പശാല സംഘടിപ്പിച്ചിരുന്നു.

അക്കാദമിക് വിദഗ്ധര്‍ ,ഡിസൈന്‍ പ്രൊഫഷണലുകള്‍, ആര്‍ക്കിടെക്റ്റുകള്‍, വിവിധ മേഖലകളിലെ ഡിസൈനര്‍മാര്‍, കലാകാരൻമാർ , നയരൂപകര്‍ത്താക്കള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഡിസൈന്‍ നയത്തിനു പിന്നിലുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആറംഗ വിദഗ്ധ സമിതി പരിശോധിച്ചാണ് കരട് നയം രൂപീകരിച്ചത്.

 

Photo Gallery