അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന് ഇന്ന് (മാര്‍ച്ച് 14) വാഗമണില്‍ തുടക്കം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Kochi / March 13, 2024

കൊച്ചി: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ കേരള'യ്ക്ക് ഇന്ന് (മാര്‍ച്ച് 14) ഇടുക്കിയിലെ വാഗമണില്‍ തുടക്കമാകും. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ വൈകിട്ട് 4 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. മാര്‍ച്ച് 17 വരെയാണ് ഫെസ്റ്റിവെല്‍.

 കേരളത്തിന്‍റെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി ഈ വര്‍ഷം നാല് അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍.

 ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണ് വാഗമണിലേത്. 100-ലധികം ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ ഗ്ലൈഡര്‍മാരും പാരാഗ്ലൈഡിങ് അന്താരാഷ്ട്ര ചാമ്പ്യന്മാരും ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍മി, എയര്‍ഫോഴ്സ്, നേവി അഡ്വഞ്ചര്‍ യൂണിറ്റുകളും മത്സരത്തിന്‍റെ ഭാഗമാകും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. ഫെസ്റ്റിന് ഏകദേശം 35,000 കാണികളെ നേരിട്ടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലോകമെമ്പാടുമായി 20 ലക്ഷം കാഴ്ചക്കാരെയും പ്രതീക്ഷിക്കുന്നു.

മിനി എക്സ് സി, സ്പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്പോട്ട്, മിനി അക്രോബാറ്റിക്സ് ഷോ, ഹൈക്ക് ആന്‍ഡ് ഫ്ളൈ, ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, തെര്‍മലിങ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങള്‍ നടക്കുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി.ജെ ജോസഫ്, എം.എം മണി, വാഴൂര്‍ സോമന്‍, എ.രാജ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി ബിനു, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ജില്ലാ കളക്ടറും ഡിടിപിസി ചെയര്‍മാനുമായ ഷീബാ ജോര്‍ജ്, കെഎടിപിഎസ് സിഇഒ ബിനു കുര്യോക്കോസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

ഇന്‍റര്‍നാഷണല്‍ സര്‍ഫിങ് ഫെസ്റ്റിവെല്‍ (വര്‍ക്കല), ഇന്‍റര്‍നാഷണല്‍ മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് (മാനന്തവാടി) അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് (തുഷാരഗിരി, കോഴിക്കോട്) എന്നിവയാണ് കേരളം ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ മറ്റ് സാഹസിക വിനോദ പരിപാടികള്‍.

Photo Gallery