വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പാലക്കാട് വനിതാ സ്ഥാപകര്‍ ഒത്തുചേര്‍ന്നു

Palakkad / March 8, 2024

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ വനിത സ്ഥാപകര്‍ ഒത്തുചേര്‍ന്നു. ഇന്‍ക്ലൂസിവിറ്റി എന്ന പ്രമേയത്തില്‍ ഒരുക്കിയിരുന്ന കൂടിച്ചേരല്‍ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലാണ് നടന്നത്.  30-ലധികം വനിതാ സംരംഭകര്‍  പങ്കെടുത്തു.

 ഉപഭോക്താക്കളെ മനസ്സിലാക്കിയാവണം വിപണിയിലേക്കുള്ള പ്രവേശനമെന്ന്  ഇന്‍ഡസ്ട്രിയല്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പിന്‍റെ സിഇഒ ഡോ. ലത നായര്‍ പറഞ്ഞു. വനിതകള്‍ സ്വയം തിളങ്ങുകയും ആ പ്രകാശം കൂടെ ഉള്ളവരില്‍ എത്തിക്കുകയും ചെയ്യുന്ന മിന്നാമിനുങ്ങുകള്‍ ആവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ ഇടവേളകളില്‍ വീട്ടിലിരുന്ന് ട്യൂട്ടര്‍മാരായി ജോലി ചെയ്യുന്ന സാധ്യതകള്‍ കണ്ടെത്താന്‍  ലേര്‍നിനോ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്ഥാപകയായ വനിതാ സംരംഭകയായ ദര്‍ശനയുടെ ഉല്‍പ്പന്നം  ഗവ. പോളിടെക്നിക് പ്രിന്‍സിപ്പല്‍  സുരേഷ് ബാബു പ്രകാശനം ചെയ്തു.

കാര്‍ഷിക, കാലാവസ്ഥാ പഠനങ്ങള്‍ സ്മാര്‍ട്ട് ആയി  ചെയ്യുവാന്‍ കഴിവുള്ള പ്രൊജക്റ്റ്കള്‍ക്ക് നല്‍കുന്ന പദ്ധതികളെക്കുറിച്ചും പിന്തുണാ സംവിധാനങ്ങളെക്കുറിച്ചും വിശദമായ ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ട് നബാര്‍ഡിലെ ജില്ലാ വികസന മാനേജര്‍  കവിത റാം സംസാരിച്ചു.

സര്‍ക്കാര്‍ പദ്ധതിയായ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസിനെ കുറിച്ച്  ഐഒസി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ പ്രദീപ് എം സംസാരിച്ചു.  

പാലക്കാട് ഡിസിപിയുവില്‍ നിന്നുള്ള ജെന്‍ഡര്‍ ട്രെയിനറായ രമ്യ,  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിഘ്നേഷ് രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.

ENDS

Photo Gallery

+
Content