ജെന്‍ എഐ കോണ്‍ഫറന്‍സ് ജൂലായ് 11,12 ന് കൊച്ചിയില്‍

സര്‍ക്കാരിന്‍റെ പ്രഥമ നിക്ഷേപ പ്രോത്സാഹന പുരസ്ക്കാരം ഐബിഎമ്മിലെ ദിനേശ് നിര്‍മ്മലിന് സമ്മാനിച്ചു
Kochi / March 7, 2024

കൊച്ചി: പുതുതലമുറ സാങ്കേതികവിദ്യാ രംഗത്ത് കേരളത്തിന്‍റെ അന്താരാഷ്ട്ര സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരും ഐബിഎമ്മുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനറേറ്റീവ് എഐ കോണ്‍ഫറന്‍സ് ജൂലായ് 11, 12 തിയതികളില്‍ നടത്തുമെന്ന് വ്യവസായ-കയര്‍-നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഥമ നിക്ഷേപ പ്രോത്സാഹന പുരസ്ക്കാരം ഐബിഎം സീനിയര്‍ വൈസ്പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ നിക്ഷേപ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന വ്യക്തികള്‍ക്കാണ് ബിസിനസ് ഇന്‍വസ്റ്റ്മന്‍റ് പ്രോമോഷന്‍ പുരസ്ക്കാരം നല്‍കുന്നത്. ഐബിഎമ്മിന്‍റെ പ്രൊഡക്ട്സ് വിഭാഗം സീനിയര്‍ വൈസ്പ്രസിഡന്‍റാണ് മലയാളിയായ ദിനേശ് നിര്‍മ്മല്‍.

ഐബിഎമ്മിന്‍റെ കൊച്ചിയിലെ കേന്ദ്രം തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര ഐടി സമൂഹത്തില്‍ കേരളത്തിനെ കാര്യക്ഷമമായി അവതരിപ്പിക്കുന്നതിനും എടുത്ത ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ദിനേശ് നിര്‍മ്മലിന് നല്‍കുന്നതെന്ന് പി രാജീവ് പറഞ്ഞു. ജൂലായ് 11, 12 തിയതികളില്‍ കൊച്ചിയില്‍ ഐബിഎമ്മുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ജെന്‍ എഐ കോണ്‍ഫറന്‍സ് നടത്തും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്ന് നടത്തുന്ന വന്‍ സമ്മേളനമായിരിക്കും ജെന്‍ എഐ കോണ്‍ഫറന്‍സ്. ലോകത്തെമ്പാടു നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികളാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഇതിന് പുറമെ ആഗസ്റ്റില്‍ അന്താരാഷ്ട്ര റോബോട്ടിക്സ റൗണ്ട് ടേബിള്‍ സമ്മേളനവും നടത്തും. ഐടി, പുതുതലമുറ സാങ്കേതിക വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള പരിശ്രമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

ഐടി പ്രൊഫഷണലുകള്‍ തിരികെ കേരളത്തിലേക്ക് വരുന്ന വിപരീത കുടിയേറ്റമാണ് നടക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ ദിനേശ് നിര്‍മ്മല്‍ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും തിരിച്ചു വരവ് നേരിട്ടല്ലാത്ത പത്ത് തൊഴിലവസരം ഇവിടെ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍, ജനറള്‍ മാനേജര്‍ വര്‍ഗീസ് മാലാക്കാരന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Photo Gallery

+
Content