സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റര്‍ ചേര്‍ത്തലയില്‍

മാരിടൈം ഉപകരണങ്ങള്‍ക്കുള്ള ടെസ്റ്റിംഗ് ലാബ് തുടങ്ങുന്നത് പരിഗണിക്കും- വ്യവസായമന്ത്രി
Kochi / March 7, 2024

കൊച്ചി: സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റര്‍ ചേര്‍ത്തലയില്‍ ആരംഭിക്കുമെന്ന് വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. മാരിടൈം മേഖലയിലുള്ള സ്വകാര്യകമ്പനികളുടെ പങ്കാളിത്തോടെ മാരിടൈം ഉപകരണങ്ങള്‍ക്കായുള്ള ടെസ്റ്റിംഗ് ലാബ് തുടങ്ങുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ വരാന്‍ പോകുന്ന വന്‍വികസനപദ്ധതികളുടെ പ്രയോജനം കേരളത്തിലെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. 2023 ലെ സംസ്ഥാന വ്യവസായനയത്തിലെ 22 മുന്‍ഗണനാ മേഖലയില്‍ പെടുന്നതാണ് മാരിടൈം. മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കേരളത്തില്‍ ഈ മേഖലയ്ക്കായി പ്രത്യേകം ക്ലസ്റ്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി ചേര്‍ത്തയില്‍ 15 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാരിടൈം വ്യവസായങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഇത് നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.

മാരിടൈം മേഖലയിലെ വിവിധ പങ്കാളികളുമായി മന്ത്രി ആശയവിനിമയം നടത്തി. മാരിടൈം മെഷിനറി ഉപകരണങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിന് കേരളത്തില്‍ സംവിധാനമില്ലാത്തത് വ്യവസായികള്‍ ചൂണ്ടിക്കാട്ടി. ടെസ്റ്റിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് വ്യവസായ സമൂഹത്തിന്‍റെ പങ്കാളിത്തവും വാഗ്ദാനം ചെയ്തു. യോഗത്തില്‍ വച്ച് തന്നെ ടെസ്റ്റിംഗ് കേന്ദ്രം തുടങ്ങുന്നത് പരിഗണിക്കാമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതെക്കുറിച്ച് പഠിക്കുന്നതിനായി കെഎസ്ഐഡിസി സംഘം ബംഗളുരുവും വിശാഖപട്ടണവും സന്ദര്‍ശിക്കും. ഷിപ് യാര്‍ഡ്, മാരിടൈം സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായും വ്യവസായവകുപ്പ്  ഇത് സംബന്ധിച്ച ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
എന്‍ജിനീയറിംഗ്, ഫിനാന്‍സ് മേഖലയിലുള്ള പ്രൊഫഷണലുകള്‍ക്ക് മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നൈപുണ്യ വികസനത്തിന് ചെറു കോഴ്സുകള്‍ തുടങ്ങാനാവുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ നൈപുണ്യവികസന പദ്ധതിയായ അസാപുമായി ചര്‍ച്ച ചെയ്ത് ഇത് തീരുമാനിക്കും. മൂലധന സമാഹരണത്തിന് കെഎസ്ഐഡിസിയുടെ സ്കെയിലപ് പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാരിടൈം ഉള്‍പ്പെടെയുള്ള മുന്‍ഗണനാ മേഖലകള്‍ക്ക് വ്യവസായവകുപ്പ് വലിയ തോതിലുള്ള പിന്തുണയാണ് നല്‍കുന്നതെന്ന് വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍ പറഞ്ഞു.

 കെഎസ്ഐഡിസി ജനറല്‍മാനേജര്‍മാരായ വര്‍ഗീസ് മാലാക്കാരന്‍, ആര്‍ പ്രശാന്ത് എന്നിവരും സംബന്ധിച്ചു.

 

Photo Gallery

+
Content