സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ സംസ്ഥാന സഹകരണം പ്രോത്സാഹിപ്പിക്കണം: സ്കെയില്‍ അപ് കോണ്‍ക്ലേവ്

Kochi / March 5, 2024

കൊച്ചി: സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് അന്തര്‍ സംസ്ഥാന തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്ന സംവിധാനം രാജ്യത്തിന് ആവശ്യമാണെന്ന് വിദഗ്ധര്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കേരള സ്കെയില്‍ അപ് കോണ്‍ക്ലേവ് -2024 പരിപാടിയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

പുതിയ സ്ഥാപനങ്ങള്‍ക്ക് സമയബന്ധിതമായി ഫണ്ട് വിതരണം ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു വ്യവസ്ഥ ഉണ്ടായിരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സര്‍ക്കാര്‍ സംരംഭമാണ് സ്കെയില്‍ അപ് കോണ്‍ക്ലേവ്.

കമ്പനികള്‍ സുസ്ഥിര വളര്‍ച്ച നിലനിര്‍ത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായി പാലിക്കണമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്കെയില്‍ അപ്പ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ ശേഖരിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യാവസായിക നയത്തില്‍ പ്രഖ്യാപിച്ച ഇന്‍സെന്‍റീവ് സ്കീമുകള്‍ പ്രയോജനപ്പെടുത്തുന്നതിനും കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുമാണ് പ്രധാനമായും കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം സാധ്യമാക്കുന്ന വിധത്തില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നിട്ടുണ്ടെങ്കിലും  ആഭ്യന്തര തലത്തിലും ഒരേസമയം സഹകരണം സാധ്യമാക്കാന്‍ കഴിയണമെന്ന് തെലങ്കാന ഗവണ്‍മെന്‍റ് ഇന്നോവേഷന്‍ ആന്‍ഡ് സിഎസ്ആര്‍ മേധാവി അക്ഷിത കാന്തല പറഞ്ഞു. കേരള ത്തിലെ സ്റ്റാര്‍ട്ടപ്പ് സ്കെയില്‍ അപ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി ചെയര്‍മാന്‍ അജയന്‍ കാവുങ്കല്‍ ആനാട്ട് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

ലോകത്തിലെ തന്നെ ആദ്യത്തെ റോബോട്ടിക് മാന്‍ഹോള്‍ ക്ലീനറിലൂടെ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നവീന ആശയം കണ്ടെത്തിയ സ്റ്റാര്‍ട്ടപ്പാണ് കേരളത്തിന്‍റെ ജന്‍റോബോട്ടിക്സ് എന്ന് ആന്ധ്രാപ്രദേശ് ഇന്നൊവേഷന്‍ സൊസൈറ്റി ജോയിന്‍റ് ഡയറക്ടര്‍ സിംഗമാല ശ്രീധര്‍ പറഞ്ഞു. ഇതിലൂടെ മനുഷ്യര്‍ മാന്‍ഹോളില്‍ ഇറങ്ങുന്നത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ട അവര്‍ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മതിപ്പ് രേഖപ്പെടുത്തി.

ഏതൊരു സ്റ്റാര്‍ട്ടപ്പും വിശ്വസനീയത ആര്‍ജ്ജിക്കേണ്ടത് പരമപ്രധാനമാണെന്ന് ചെന്നൈ ബ്രൗണ്‍ഡവ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് സിമിറ്റഡ് ഡയറക്ടര്‍ സത്യ നാരായണ്‍ പറഞ്ഞു. ഒരു ഉത്പന്നം നിര്‍മ്മിക്കുമ്പോള്‍ അതിന് വിപണിയും ആവശ്യക്കാരും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ച്ച പ്രാപിച്ച് കൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സ്രോതസ്സുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് എക്സിക്യുട്ടീവ് കമ്മിറ്റികള്‍ക്കപ്പുറം സഹായഹസ്തങ്ങള്‍ ആവശ്യമാണെന്ന് വര്‍സ്യ സ്ഥാപകന്‍ നിതീഷ് സുന്ദരേശന്‍ അഭിപ്രായപ്പെട്ടു. കമ്മിറ്റികള്‍ മാസത്തിലൊരിക്കലാണ് യോഗം ചേരുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭിക്കുന്നതിന് 40 ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്നു. ഈ പ്രക്രിയ വേഗത്തിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടി മേഖലഖകള്‍ക്ക് പുറമേ ലൈഫ് സയന്‍സ്, കാലാവസ്ഥാ വ്യതിയാനം, ഉത്പാദനം തുടങ്ങിയ രംഗങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപകമായതില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു.

തങ്ങളുടെ ഉത്പന്നങ്ങള്‍ മികച്ച ഘട്ടത്തിലെത്തുമ്പോള്‍ അധികം സമയം പാഴാക്കാതെ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയില്‍ പ്രവേശിക്കണമെന്ന് കേരള എഞ്ചല്‍ നെറ്റ് വര്‍ക്കിലെ നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു വിപണിയുടെ രീതികള്‍ക്കനുസരിച്ച് തിരുത്തലുകള്‍ വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം ചലിക്കുക എന്നതായിരിക്കണം മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സമൃദ്ധമായ അവസരങ്ങളെ പറ്റി വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സമുന്‍ ബില്ല പവര്‍ പോയിന്‍റ് അവതരണം നടത്തി. സംസ്ഥാനത്തെ മികച്ച പത്ത് സ്റ്റാര്‍ട്ടപ്പ് തൊഴിലുടമകളുടെ വിജയകഥ പ്രതിപാദിക്കുന്ന മൈ ജേര്‍ണി എന്ന സെഷനും സംഘടിപ്പിച്ചിരുന്നു.

വളര്‍ന്നു വരുന്ന കമ്പനികള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചതായി കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. തിങ്കളാഴ്ച കോണ്‍ക്ലേവ് സമാപിച്ചു.

നിര്‍മ്മിത ബുദ്ധി, സാസ്, ഹെല്‍ത്ത്-ടെക്, ഫിന്‍ടെക്, ഉത്പന്ന നിര്‍മ്മാണം എന്നിവയടക്കം 14 ജില്ലകളിലായി 5000 ത്തലധികം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നായി 3,000 കോടിയോളം രൂപയുടെ നിക്ഷേപം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാഹരിക്കാനായി.

 

Photo Gallery

+
Content