വിജ്ഞാനം വ്യവസായ മൂലധനമാക്കണം- പി രാജീവ്

Kochi / March 4, 2024

കൊച്ചി: വിജ്ഞാനം മൂലധനമാക്കിക്കൊണ്ടുള്ള വ്യവസായത്തിലാണ് കേരളത്തിന്‍റെ ഭാവിയുള്ളതെന്ന് വ്യവസായ-കയര്‍-നിയമമന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ മാസം 29 ലെ മന്ത്രിസഭായോഗം അംഗീകരിച്ച കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ഈ ദിശയിലേക്കുള്ള കാല്‍വയ്പാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സ്കെയിലപ് ചെയ്യുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഇതിനായുള്ള നൂതന നയങ്ങള്‍ ആവിഷ്കരിക്കാനുള്ള ഫീഡ്ബാക്ക് ലഭിക്കുന്നതിനുമായി കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയിലപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കെയിലപ് പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം കെഎസ്ഐഡിസിയില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയില്‍ ജൂലായില്‍ ഇന്‍റര്‍നാഷണല്‍ എഐ കോണ്‍ഫറന്‍സ് നടത്തുകയാണ്. റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനവും ജൂലായ് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുത്തവരുമായി മന്ത്രി ആശയവിനിമയവും നടത്തി.

കേരളത്തില്‍ നിന്ന് ആരംഭിച്ച് വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ സ്കെയിലപ് ചെയ്യുന്ന പ്രവര്‍ത്തനം സംസ്ഥാനത്തു തന്നെ നടത്തണമെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ബില്ല പറഞ്ഞു. നൈപുണ്യശേഷിയുടെ കാര്യത്തില്‍ കേരളത്തിന് മേല്‍ക്കൈയുണ്ട്. അതുപയോഗപ്പെടുത്തിയാല്‍ മികച്ച വരുമാനം ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് അഞ്ച് കോടി രൂപ വരെ വായ്പ നല്‍കാനുള്ള പദ്ധതി കെഎസ്ഐഡിസി രൂപീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായത്തില്‍ പെട്ടന്ന് തന്നെ നടപടികളെടുക്കാന്‍ കെഎസ്ഐഡിസിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍ പറഞ്ഞു. വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ക്കുള്ള മനോഭാവത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്താനും കെഎസ്ഐഡിസിയുടെ ശ്രമങ്ങള്‍ക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും തമ്മിലുള്ള വ്യത്യാസം സംരംഭകര്‍ കൃത്യമായി മനസിലാക്കണമെന്ന് കെഎസ് യുഎം സിഇഒ അനുപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള മൂലധന സ്വരൂപണം കെഎസ്ഐഡിസി, കെഎഫ്സി എന്നിവയിലൂടെയാണ് ലഭിക്കുന്നത്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കിന്‍ഫ്ര എംഡി സന്തോഷ് കോശി, വ്യവസായ-വാണിജ്യവകുപ്പ് അഡി. ഡയറക്ടര്‍ കെ എസ് കൃപകുമാര്‍ തുടങ്ങിയവരും സംസാരിച്ചു.

കേരള, ഓപ്പര്‍ച്യുണിറ്റീസ് ഗാലോര്‍, മൈ ജേര്‍ണി എന്നീ വിഷയങ്ങളിലെ സെഷനുകളോടൊപ്പം, കേരള സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് സ്കെയില്‍ അപ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.

 

Photo Gallery

+
Content
+
Content