ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ്; 2023 ല്‍ 2.18 കോടിയിലധികം സന്ദര്‍ശകര്‍: മന്ത്രി റിയാസ്

വിദേശ സഞ്ചാരികളില്‍ 87.83 ശതമാനം വളര്‍ച്ച
Trivandrum / March 4, 2024

തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. 2023 ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍ എത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു. 2023 ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തിയത്, 44,87,930 പേര്‍. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂര്‍ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് തുടര്‍ന്നുവരുന്നത്.

കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2022 ല്‍ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്‍റെ വളര്‍ച്ചയാണിത്. 2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട്.

വിനോദസഞ്ചാരികളുടെ വരവിലെ ഈ സര്‍വകാല റെക്കോര്‍ഡ് കോവിഡ് ആഘാതത്തില്‍ നിന്നുള്ള അതിശയകരമായ വീണ്ടെടുപ്പിനൊപ്പം എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനായി മാറുന്ന കേരളത്തിനുള്ള അംഗീകാരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെങ്കിലും പഴയ സ്ഥിതിയിലേക്ക് എത്താന്‍ അല്‍പ്പം കൂടി സമയമെടുക്കും. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഇതിന് കാരണമാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും വിദേശസഞ്ചാരികളുടെ വരവില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകള്‍ വിദേശസഞ്ചാരികളെ ആകര്‍ഷിച്ചേക്കും. മലബാറിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്നതിനായി പ്രത്യേക പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിലും ഇടുക്കിയിലും നിലനില്‍ക്കുന്ന വന്യജീവി സംഘര്‍ഷം ടൂറിസം പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സര്‍ഫിംഗ് പരിശീലിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലബ്ബുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരം സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബുകള്‍ക്ക് രജിസ്ട്രേനും ലൈസന്‍സും നിര്‍ബന്ധിതമാക്കി ഏകീകൃത രൂപം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനകത്തും പുറത്തും കേരളം നടപ്പാക്കിയ ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വിനോദസഞ്ചാരികളുടെ വരവിലെ വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സുസ്ഥിര, അനുഭവവേദ്യ വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കിയും പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതും സാഹസിക വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്നതും ഉള്‍പ്പെടെയുള്ള കേരള ടൂറിസത്തിന്‍റെ പുതിയ ആശയങ്ങള്‍ കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്

ചാമ്പ്യന്‍ഷിപ്പുകളുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു


തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന 'ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന്‍ 2024',  ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍ എന്നിവയുടെ ലോഗോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഈ വര്‍ഷം കേരളം ആതിഥേയത്വം വഹിക്കുന്ന സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേതായ 'ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന്‍ 2024'  ഇടുക്കിയിലെ വാഗമണില്‍ മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് നടക്കുക.  2024 കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ ദേശീയ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പാണ് വര്‍ക്കലയില്‍ മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കുന്ന ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍.

ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണ് വാഗമണിലെ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന്‍. 100-ലധികം ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ ഗ്ലൈഡറുകള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കും. 15-ലധികം രാജ്യങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പാരാഗ്ലൈഡിംഗ് അന്താരാഷ്ട്ര ചാമ്പ്യന്മാരും ലോകപ്രശസ്ത റൈഡര്‍മാരും പരിപാടിയുടെ ഭാഗമാകും. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും.

മിനി എക്സ് സി, സ്പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്പോട്ട്, മിനി അക്രോബാറ്റിക്സ് ഷോ, ഹൈക്ക് ആന്‍ഡ് ഫ്ളൈ, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, തെര്‍മലിംഗ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെലില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരനഗരങ്ങളില്‍ നിന്നുള്ള സര്‍ഫിംഗ് അത്ലറ്റുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. കേരളത്തെ ഇന്ത്യയിലെ പ്രധാന സര്‍ഫ് ഡെസ്റ്റിനേഷനാക്കുകയും സര്‍ഫിംഗ് കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എസ്യുപി ടെക്നിക്കല്‍ റേസ്, എസ്യുപി ലോങ് ഡിസ്റ്റന്‍സ്, എസ്യുപി സ്പ്രിന്‍റ് റേസ്, പാഡില്‍ബോര്‍ഡ് ടെക്നിക്കല്‍ റേസ്, പാഡില്‍ബോര്‍ഡ് ലോംഗ് ഡിസ്റ്റന്‍സ്, എസ്യുപി സര്‍ഫിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ കെഎടിപിഎസും തിരുവനന്തപുരം ഡിടിപിസിയും സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സര്‍ഫിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

 

Photo Gallery

+
Content
+
Content