ടെക്നോപാര്‍ക്ക് സ്ഥാപനങ്ങളുമായുള്ള സഹകരണവും ലണ്ടന്‍ ടെക് വീക്ക്-2024 ലെ പങ്കാളിത്തവും തേടി യുകെ അധികൃതര്‍

Trivandrum / March 1, 2024

തിരുവനന്തപുരം: ഇംഗ്ലണ്ടും കേരളത്തിലെ ഐടി കമ്പനികളും തമ്മിലുള്ള സഹകരണവും ബിസിനസ് സാധ്യതകളും തേടി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രതിനിധി ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയില്‍ മതിപ്പ് പ്രകടിപ്പിച്ച ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ബിസിനസ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഹെഡ് (സൗത്ത് ഇന്ത്യ) ഗീത കൃഷ്ണന്‍കുട്ടി ടെക്നോപാര്‍ക്ക് കമ്പനികളെ ലണ്ടന്‍ ടെക് വീക്ക്-2024 ലേക്ക് ക്ഷണിച്ചു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട.) നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം.

ജിടെക് സിഇഒ വിഷ്ണു നായര്‍, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ജിടെക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇംഗ്ലണ്ടിലെ കെന്‍സിങ്ടണിലെ പ്രശസ്ത എക്സിബിഷന്‍ വേദിയായ ഒളിമ്പിയയില്‍ ഈ വര്‍ഷം ജൂണ്‍ 10 മുതല്‍ 14 വരെയാണ് ലണ്ടന്‍ ടെക് വീക്ക്-2024 നടക്കുന്നത്. സാങ്കേതിക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് ദീര്‍ഘവീക്ഷണമുള്ളവരും സംരംഭകരും നിക്ഷേപകരും മുന്‍നിര ടെക്നോളജി സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ലണ്ടന്‍ ടെക് വീക്കിന്‍റെ ഭാഗമാകും. പങ്കെടുക്കുന്നവര്‍ക്ക് മേഖലയുമായി ബന്ധപ്പെട്ട പുതിയ ഉള്‍ക്കാഴ്ചകളും അവസരങ്ങളും ബന്ധങ്ങളും സൃഷ്ടിക്കാന്‍ പരിപാടി അവസരമൊരുക്കും, 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ടെക് വീക്കില്‍ 1000-ത്തിലധികം നിക്ഷേപകര്‍ പങ്കെടുക്കും. 45,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ സാങ്കേതിക നൈപുണ്യം വളരെ വേഗത്തില്‍  വികസിച്ചു കൊണ്ടിരിക്കുന്നതാണെന്ന് ഗീത കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കിലെ ഹെല്‍ത്ത് ടെക് കമ്പനികളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉള്‍പ്പെടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കമ്പനികളെയും ടെക് വീക്കില്‍ പങ്കെടുപ്പിക്കാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള അടുത്ത തലമുറ ബയോ എന്‍ജിനീയറിംഗ്, സെമി കണ്ടക്ടേഴ്സ് മേഖലകളെ ഇംഗ്ലണ്ട് പരിഗണിക്കുന്നുണ്ട്. മികച്ച ജീവിത നിലവാരവും സൗകര്യങ്ങളുമുള്ള ഇംഗ്ലണ്ടില്‍ ബിസിനസ് ചെയ്യാനുള്ള സാഹചര്യവും അനുകൂലമായ സാമ്പത്തിക, നികുതി വ്യവസ്ഥയുമുണ്ട്. ഇംഗ്ലണ്ടില്‍ നിക്ഷേപം നടത്തുന്ന കമ്പനികളെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. ടെക് വീക്കില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ഇംഗ്ലണ്ടിലെ പ്രമുഖ സാങ്കേതിക-വൈജ്ഞാനിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും തൊഴില്‍ശക്തിയും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇംഗ്ലണ്ടിന് കഴിയുമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള മെഡ്ടെക്, എവിജിസി, സ്പേസ് ടെക്, ഫിന്‍ടെക് കമ്പനികള്‍ ലോകമെമ്പാടുമുള്ള സുപ്രധാന പദ്ധതികളുടെയും നിക്ഷേപങ്ങളുടെയും  ഭാഗമായി ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുകെ പ്ലാറ്റ് ഫോം കേരളത്തിലെ കമ്പനികള്‍ക്ക് കൂടുതല്‍ വ്യാപനം നല്‍കുമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സാമൂഹിക മാനദണ്ഡങ്ങള്‍, നൈപുണ്യ ശേഷി, ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയുള്ള ടെക്നോളജി ഹബ്ബുകളായി വളര്‍ന്നുവരുന്ന തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഐടി-സാങ്കേതിക പങ്കാളിത്തം സ്ഥാപിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ സാധ്യതയും ചര്‍ച്ച ചെയ്തു.

Photo Gallery