ടെക്കികളുടെ പ്രതിധ്വനി ഗെയിംസ് സമ്മാനവിതരണം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു

യുഎസ്ടി ഓവറോള്‍ ചാമ്പ്യന്‍മാര്‍
Trivandrum / February 29, 2024

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഒരു മാസം നീണ്ടുനിന്ന ടെക്കികളുടെ കായികമേളയായ പ്രതിധ്വനി ഗെയിംസിന് സമാപനം. സമാപനത്തോടനുബന്ധിച്ച് നിയമ, വ്യവസായ, കയര്‍ വകുപ്പ്  മന്ത്രി പി. രാജീവ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റൈഫി വിന്‍സെന്‍റ് ഗോമസ് വിശിഷ്ടാതിഥിയായി.

 വോളീബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്സ്, നീന്തല്‍, 8 ബോള്‍ പൂള്‍, ത്രോബോള്‍ എന്നീ 10 ഗെയിംസ് ഇനങ്ങളിലായി 32 വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും 120 ട്രോഫികളും 250 മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ജനുവരി 20 മുതല്‍ ഫെബ്രുവരി 23 വരെ ടെക്നോപാര്‍ക്ക് ക്ലബ് ഹൗസില്‍ നടന്ന ഗെയിംസ് മത്സരങ്ങളില്‍ നൂറിലധികം ഐടി കമ്പനികളില്‍ നിന്നുള്ള 1500 ലധികം ഐടി ജീവനക്കാര്‍ പങ്കെടുത്തു.

166 പോയിന്‍റുകള്‍ നേടി യുഎസ്ടി ഗ്ലോബല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 137 പോയിന്‍റുമായി ഇന്‍ഫോസിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗെയിംസ് ടൂര്‍ണമെന്‍റിലെ മികച്ച വ്യക്തിഗത ചാമ്പ്യന്‍മാരായി ഗൗതം ബീര (യുഎസ്ടി), ദിവ്യ. ആര്‍ (അലയന്‍സ്) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ വിജയികളായ സുഹൈല്‍ (ഏണസ്റ്റ് ആന്‍റ്  യങ്), മനുലാല്‍ (ആര്‍ആര്‍ഡി), ശ്രീകാന്ത് ശശിധരന്‍ (അലയന്‍സ്), എന്നിവരെയും ഇന്‍ക്രെഡിബിള്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനു ഉടമയായ പ്രായം കുറഞ്ഞ വെജിറ്റേറിയന്‍ പവര്‍ ലിഫ്റ്റര്‍ ഭാസ്കര്‍. എസ് (അലയന്‍സ്) എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

ഗെയിംസ് ഇനങ്ങളായ ബാസ്ക്കറ്റ്ബോളില്‍ ആര്‍ആര്‍ഡി  ജേതാക്കളും യുഎസ്ടി  റണ്ണര്‍അപ്പും ആയപ്പോള്‍ വോളീബോളില്‍ ഇന്‍ഫോസിസ്  ജേതാക്കളും പിറ്റ്സ്  റണ്ണര്‍അപ്പുമായി. ത്രോബോളിലും ഇന്‍ഫോസിസ് ജേതാക്കളായി. ഐക്കണ്‍ ആണ് റണ്ണര്‍അപ്പ്.

ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിധ്വനി സ്പോര്‍ട്സ് ഫോറം കണ്‍വീനര്‍ രജിത് വി പി അധ്യക്ഷത വഹിച്ചു. പ്രതിധ്വനി ഗെയിംസ് കണ്‍വീനര്‍ വിശാഖ് ഹരി, പ്രതിധ്വനി വുമണ്‍ ഫോറം കണ്‍വീനര്‍ സന്ധ്യ പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Photo Gallery

+
Content