രണ്ട് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്

സംരംഭക മേഖലയിലെ മികവിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
Trivandrum / February 28, 2024

തിരുവനന്തപുരം:  വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ സംരംഭകത്വ വര്‍ഷം പദ്ധതിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മികച്ച സംരംഭകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കുമുള്ള വ്യവസായ വാണിജ്യ വകുപ്പിന്‍റെ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. 71,000 ത്തിലധികം വനിതാ സംരംഭകരെ ഈ ഉദ്യമത്തിലൂടെ സൃഷ്ടിക്കാനായെന്നും മന്ത്രി പറഞ്ഞു.

 ലോകമെമ്പാടുമുള്ള മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കേരളത്തിന്‍റെ മനുഷ്യശേഷി കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്രമുഖ നിര്‍മ്മിത ബുദ്ധി കമ്പനികളും തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന റോബോട്ടിക്സിനെ പറ്റിയുള്ള അന്താരാഷ്ട്ര ഉച്ചകോടി ജൂലൈ 11,12 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെയാണ് കേരള സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്.  

ഓരോ സംരംഭകനും സമൂഹത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രയത്നിക്കുന്നതിനാല്‍ അവരുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച അദ്ദേഹം സംരംഭങ്ങള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ശ്രമങ്ങളെ അഭിനന്ദിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയോടെ സംസ്ഥാനം മികച്ച സമ്പദ് വ്യവസ്ഥയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനി ജൂല തോമസ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ്, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ അജിത്കുമാര്‍ കെ., കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ നിസാറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

മികച്ച കോര്‍പ്പറേഷനുള്ള സംസ്ഥാന അവാര്‍ഡ് (2022-23) തൃശൂരിനാണ്. മികച്ച ഗ്രാമപഞ്ചായത്തായി കൊല്ലം ജില്ലയിലെ ചവറയും മികച്ച മുനിസിപ്പാലിറ്റിയായി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും തിരഞ്ഞെടുക്കപ്പെട്ടു.

സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് (2024) ഒ/ഇ/എന്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പമേല അന്ന മാത്യുവിന് ലഭിച്ചു.

മികച്ച ഗ്രാമപഞ്ചായത്ത് ജില്ലാതലം (2022-23): പാറശാല (തിരുവനന്തപുരം), തൊടിയൂര്‍ (കൊല്ലം), പള്ളിക്കല്‍ (പത്തനംതിട്ട),പത്തിയൂര്‍ (ആലപ്പുഴ), തിരുവാര്‍പ്പ് (കോട്ടയം), അടിമാലി (ഇടുക്കി), കടുങ്ങല്ലൂര്‍ (എറണാകുളം), വെള്ളാങ്ങല്ലൂര്‍ (തൃശൂര്‍), വടക്കഞ്ചേരി (പാലക്കാട്), തിരുവാലി (മലപ്പുറം), പെരുമണ്ണ, (കോഴിക്കോട് ) പൂതാടി (വയനാട്), ചെമ്പിലോട് (കണ്ണൂര്‍), ചെമ്മനാട് (കാസര്‍ഗോഡ്).


മികച്ച മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ (2022-23): തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പുനലൂര്‍ മുനിസിപ്പാലിറ്റി (കൊല്ലം), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (ആലപ്പുഴ), വൈക്കം മുനിസിപ്പാലിറ്റി (കോട്ടയം), തൊഴുപുഴ മുനിസിപ്പാലിറ്റി (ഇടുക്കി), പിറവം മുനിസിപ്പാലിറ്റി (എറണാകുളം), ചാവക്കാട് മുനിസിപ്പാലിറ്റി (തൃശൂര്‍), പാലക്കാട് മുനിസിപ്പാലിറ്റി (പാലക്കാട്), നിലമ്പൂര്‍ മുനിസിപ്പാലിറ്റി (മലപ്പുറം), കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (കോഴിക്കോട്) സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി (വയനാട് ), ആന്തൂര്‍ മുനിസിപ്പാലിറ്റി (കണ്ണൂര്‍), നീലേശ്വരം മുനിസിപ്പാലിറ്റി (കാസര്‍ഗോഡ്).

മറ്റ് സംസ്ഥാനതല അവാര്‍ഡ് ജേതാക്കള്‍ (2021-22):  സുജിത്ത് എന്‍ -കല്യാണി ഫുഡ് പ്രോഡക്ട്സ്, കൊല്ലം (മികച്ച സൂക്ഷ്മ സംരംഭം), കുര്യന്‍ ജോസ് എസ്. ആര്‍ - മറൈന്‍ ഹൈഡ്രോ കോളോയിഡ്സ്, എറണാകുളം (മികച്ച ചെറുകിട സംരംഭം), വസന്തകുമാരന്‍ ഗോപാലപിള്ള - സൗപര്‍ണ്ണിക എക്സ്പോര്‍ട്ട് എന്‍റര്‍പ്രൈസസ്, കൊല്ലം (മികച്ച ഇടത്തരം സംരംഭം), ബാബു പി മാളിയേക്കല്‍ - ഏകെ നാച്ചുറല്‍ ഇന്‍ഗ്രേഡിയന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട (മികച്ച വന്‍കിട സംരംഭം),  മണി എം - ഫൈകോര്‍ ഇലക്ട്രോണിക്സ്, മലപ്പുറം (മികച്ച പട്ടികജാതി വിഭാഗത്തിലെ സംരംഭം), ഉമ്മു സല്‍മ-സഞ്ജീവനി കുടുംബശ്രീ യൂണിറ്റ്, മലപ്പുറം (മികച്ച വനിതാ സംരംഭം), ജീമോന്‍ കെ കോര - മാന്‍ കാന്‍കര്‍ ഇന്‍ഗ്രേഡിയന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം (മികച്ച കയറ്റുമതി അധിഷ്ഠിത സംരംഭം).

Photo Gallery

+
Content
+
Content