തീരദേശ വികസന കോര്‍പ്പറേഷന് 49.5 ലക്ഷം രൂപയുടെ മത്സ്യ മൂല്യവര്‍ധിത ഉത്പന്ന കയറ്റുമതി ഓര്‍ഡര്‍

യുഎസ്എ, കാനഡ, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി രേഖകള്‍ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു
Trivandrum / February 28, 2024

തിരുവനന്തപുരം: യുഎസ്എ, കാനഡ, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന് (കെ.എസ്.സി.എ.ഡി.സി) 49.5 ലക്ഷം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഇതു സംബന്ധിച്ച രേഖകളും പര്‍ച്ചേസ് ഓര്‍ഡറും അഡ്വാന്‍സ് തുകയും മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി സജി ചെറിയാനും ചേര്‍ന്ന് സ്വീകരിച്ചു.

നാലു രാജ്യങ്ങളിലേക്കായി രണ്ട് കണ്ടെയ്‌നര്‍ ഉണക്കമത്സ്യങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. മെര്‍ച്ചന്‍റ് എക്സ്പോര്‍ട്ടറായ ഐഎഎന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണിത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎസ് ശ്രീനിവാസ്, കെ.എസ്.സി.എ.ഡി.സി എംഡി പിഐ ഷെയ്ക്ക് പരീത്, കെ.എസ്.സി.എ.ഡി.സി സിഎംഒ സോണി ചെറിയാന്‍ കുരുവിള എന്നിവര്‍ സന്നിഹിതരായിരുന്നു. ഐഎഎന്‍ ഓവര്‍സീസ് മാനേജിങ് ഡയറക്ടര്‍ അനസ് കെ.കെ പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറി. ഐഎഎന്‍ ഓവര്‍സീസ് സിഇഒ അബ്ദുല്‍ കരീം, സിഒഒ ഷാജഹാന്‍, മാര്‍ക്കറ്റിങ് ഹെഡ് ഡെന്നിസ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മത്സ്യമേഖലയിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയും മത്സ്യസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിപണി കണ്ടെത്തി കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഓര്‍ഡര്‍ സാധ്യമായത്. ഡ്രൈഡ് ഫിഷ്, ഫ്രോസണ്‍ ഫിഷ്, മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയിലൂടെ 10 കോടി മുതല്‍ 100 കോടി വരെ മൂല്യമുള്ള കയറ്റുമതി സാധ്യതയാണ് കെ.എസ്.സി.എ.ഡി.സി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷാവസാനം കാനഡ, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് 12 ഇനം ഉണക്കമത്സ്യ ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖം വഴി കെ.എസ്.സി.എ.ഡി.സി കയറ്റുമതി ചെയ്തിരുന്നു. ഈ ഉത്പന്നങ്ങള്‍ നിര്‍മ്മാണത്തിലും പാക്കേജിലും ഗുണമേന്‍മയിലും മികച്ചതാണെന്ന് വിലയിരുത്തിയാണ് ഈ മാസം പുതിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചത്. യുഎഇ, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഉത്പന്ന കയറ്റുമതിക്ക് താത്പര്യം അറിയിച്ചിട്ടുണ്‍ണ്ട്.

മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാ ണ് കെ.എസ്.സി.എ.ഡി.സി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം നടത്തുന്നത്. കൊല്ലം ശക്തികുളങ്ങരയിലെ മത്സ്യസംസ്കരണ യൂണിറ്റ് വഴിയാണ് മത്സ്യങ്ങള്‍ ഉണക്കുന്നതും ഇന്ത്യയിലെയും വിദേശത്തെയും വിവിധ വിതരണ കേന്ദ്രങ്ങള്‍ വഴി വില്‍പ്പന നടത്തുന്നതും. ഇതിനു പുറമേ 'റെഡി ടു ഇറ്റ്' മത്സ്യ അച്ചാറുകളും 'റെഡി ടു കുക്ക്' ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു. സിഐഎഫ്ടി, എന്‍ഐപിഎച്ച്എടി എന്നീ കേന്ദ്ര സ്ഥാപനങ്ങളുടെ സാങ്കേതിക ഉപദേശം അനുസരിച്ച് സൗരോര്‍ജ്ജം ഉപയോഗിച്ച് ദിനംപ്രതി ഒരു ടണ്‍ മത്സ്യം ഉണക്കാനുളള ശേഷി ശക്തികൂളങ്ങരയിലെ ഷിഷ് പ്രൊസസിംഗ് സെന്‍ററിനുണ്‍ണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികളായ എംപെഡ, ഇഐഎ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫിഷ് പ്രൊസസിംഗ് സെന്‍ററിന് അനുമതി ലഭിച്ചിട്ടുള്ളത്. മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഗുണനിലവാരം ഉറപ്പുവരുത്തി ഉണക്കമത്സ്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി രാജ്യത്ത് സര്‍ക്കാര്‍ തലത്തിലുള്ള പ്രഥമ സംരംഭമാണിത്.

 

Photo Gallery

+
Content