മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാര്‍ച്ച് മാസം പാലിന് 10 രൂപ അധികവില നല്‍കും

Kochi / February 28, 2024

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാര്‍ച്ച് മാസം പാലിന്  10 രൂപ അധികവില നല്‍കും.മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 10 രൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കുന്നതിന്  ഭരണസമിതി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍  എം.ടി.ജയന്‍ അറിയിച്ചു. മാര്‍ച്ച് 1 മുതല്‍  31 വരെ വരെയാണ് പ്രോത്സാഹന അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. 

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക,

ഫെബ്രുവരി 1 മുതല്‍ സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 7 രൂപ അധികം നല്‍കിയിരുന്നു. ഇതില്‍ 5 രൂപ കര്‍ഷകനും, 2 രൂപ സംഘത്തിനുമാണ് ലഭിച്ചത് . മാര്‍ച്ച് 1 മുതല്‍ പ്രോത്സാഹന അധിക വില 10 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 6 രൂപ കര്‍ഷകനും 4 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന4 രൂപയില്‍ നിന്നും 1 രൂപ മേഖലാ യൂണിയന്‍റെ സംഘത്തിന്‍റെ ഷെയറായി വകയിരുത്തും

 മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും 16 കോടി രൂപയാണ് ഈ ഇനത്തില്‍ ചിലവ് പ്രതീക്ഷിക്കുന്നത്. 3 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മേഖലാ യൂണിയന്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നും സംഭരിക്കുന്നത്. മില്‍മയിലെ ജീവനക്കാരുടെ മുന്‍കാലങ്ങളിലെ  മൂന്ന് വര്‍ഷത്തെ  പേ റിവിഷന്‍ അരിയേഴ്സ് നല്‍കുന്നതിന് വേണ്ടി 17 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. 5 കോടി രൂപ ചിലവ് വരുന്ന ഇന്ത്യയില്‍ ആദ്യമായി മേഖലാ യൂണിയന്‍ നടത്തുന്ന സമഗ്ര കന്നുകാലി  ഇന്‍ഷൂറന്‍സ് പദ്ധതി   വിപുലമായി നടക്കുന്നുണ്ടെന്നും
കൂടാതെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷം എന്‍ഡിഡിബിയുടെ സഹായത്തോടെയും മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നുമായി 10 കോടി രൂപ കൂടി  ചിലവാക്കും, ക്ഷീര സഹകരണ മേഖലയുടെ ചരിത്രത്തില്‍ ഒരു മേഖലാ യൂണിയന്‍ നല്‍കുന്ന ഏറ്റവും വലിയ പ്രോത്സാഹന അധികവിലയാണ് ഇപ്പോള്‍ എറണാകുളം മേഖലാ യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.

Photo Gallery