തദ്ദേശീയമായി വികസിപ്പിച്ച എംആര്‍ഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം

ആര്‍ജിസിബിയില്‍ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു
Trivandrum / February 28, 2024

തിരുവനന്തപുരം: ഗവേഷകര്‍ തദ്ദേശീയമായി നിര്‍മ്മിച്ചതും നൂതനവുമായ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗിന്‍റെ (എംആര്‍ഐ) സാധ്യതകള്‍ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ ഉപയോഗപ്പെടുത്തി കൃത്യത ഉറപ്പാക്കണമെന്ന് ന്യൂഡല്‍ഹി എയിംസിലെ എന്‍എംആര്‍& എംആര്‍ഐ വിഭാഗം മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. എന്‍ ആര്‍. ജഗന്നാഥന്‍ പറഞ്ഞു.

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച്  രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) യില്‍ 'എംആര്‍ഐ ഇന്‍ പ്രീ ക്ലിനിക്കല്‍ ആന്‍ഡ് ക്ലിനിക്കല്‍ റിസര്‍ച്ച്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.

2024 ലെ ദേശീയ ശാസ്ത്ര ദിനത്തിന്‍റെ പ്രമേയം 'വികസിത ഭാരതത്തിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകള്‍' എന്നതാണ്. ആദ്യത്തെ തദ്ദേശീയ എംആര്‍ഐ ആയ 1.5 ടി (ടെസ്ല) കാന്തശക്തിയുള്ള എംആര്‍ഐ 2023 ഓഗസ്റ്റ് 1 നാണ് വികസിപ്പിച്ചതെന്നും ഡോ. എന്‍ ആര്‍. ജഗന്നാഥന്‍ പറഞ്ഞു.

മനുഷ്യ ശരീരത്തിന് ദോഷകരമാകുന്ന ജൈവ രാസമാറ്റങ്ങളും ചില പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി തിരിച്ചറിയാന്‍ എംആര്‍ഐ സഹായകമാകുമെന്ന് മുംബൈ ഐഐടി കോയിറ്റ സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ഹെല്‍ത്തിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ ഡോ.ജഗന്നാഥന്‍ പറഞ്ഞു.

എംആര്‍ഐ യില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ വിപണി വില വളരെ കൂടുതലാണ്. ഒരു എംആര്‍ഐ യുടെ വിലയുടെ 50-60 ശതമാനവും അതിന്‍റെ പ്രധാന ഘടകമായ കാന്തത്തിന്‍റെ വിലയെ ആശ്രയിച്ചിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംആര്‍ഐ ഒരു സ്ക്രീനിംഗ് രീതി മാത്രമല്ല. ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുള്ള ഇത്തരം ഉപകരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മറ്റ് നാവിഗേഷന്‍ അല്ലെങ്കില്‍ കമ്മ്യൂണിക്കേഷന്‍ കാര്യങ്ങളെ ബാധിക്കുമെന്ന് കരുതിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജിസിബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന 'റീവൈറ്റലൈസിംഗ് ട്രൈബല്‍ ട്രെഡിഷന്‍സ്: ഇനിഷ്യേറ്റീവ്സ് ഫോര്‍ സസ്റ്റെയ്നബിള്‍ വികസിത് ഭാരത്' എന്ന മോണോഗ്രാഫ് ഡോ. ജഗന്നാഥന്‍ പ്രകാശനം ചെയ്തു.

സയന്‍സ് ഹെറിറ്റേജ് റിസര്‍ച്ച് സംരംഭത്തിന് കീഴില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ പിന്തുണയോടെ തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഗോത്ര പൈതൃക പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇപ്പോഴും തുടരുന്ന പരമ്പരാഗത സമ്പ്രദായങ്ങള്‍ മോണോഗ്രാഫില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വര്‍ഷത്തെ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് തദ്ദേശീയ സാങ്കേതിക വികസനത്തെക്കുറിച്ച് ചിന്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.

ആര്‍ജിസിബിയിലെ റിസര്‍ച്ച് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫാക്കല്‍റ്റി അഫയേഴ്സ് ഡീന്‍ ഡോ. ജോര്‍ജ് തോമസ്, അക്കാദമിക് വിഭാഗം ഡീന്‍ ഡോ. പ്രിയ ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി കേരള അക്കാദമി ഓഫ് സയന്‍സസിന്‍റെ നേതൃത്വത്തില്‍ എക്സ്പോയും സംഘടിപ്പിച്ചിരുന്നു.

ആര്‍ജിസിബി യിലെ ഗവേഷകര്‍ക്കും ജീവനക്കാര്‍ക്കും പുറമെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ആര്‍ജിസിബിയില്‍ നടന്ന ദേശീയ ശാസ്ത്ര ദിന പരിപാടികളില്‍ പങ്കെടുത്തു.
 

Photo Gallery