കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഫ്രിക്ക മികച്ച വിപണി: 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' കോണ്‍ക്ലേവ്

Trivandrum / February 27, 2024

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഫ്രിക്ക മികച്ച വിപണിയാണെന്നും കൂടുതല്‍ സഹകരണത്തോടെ ഈ മേഖലയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ നിയോണിക്സ് സോഫ്റ്റ്വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോണിക്സ് സോഫ്റ്റ്വെയര്‍ സൊലൂഷന്‍സിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 15 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും  ലൈബീരിയന്‍ പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തിന്‍റെ ഏറ്റവും ശക്തമായ മാര്‍ക്കറ്റിംഗ് സന്ദേശമായി മാറുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടേയും വിജ്ഞാന ആവാസവ്യവസ്ഥയുടെയും അംബാസഡര്‍മാരാണ്  ഉപഭോക്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിലെ ഐ ടി കമ്പനികള്‍ സംസ്ഥാനത്തെ ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ അംബാസിഡര്‍മാരാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍(റിട്ട) പറഞ്ഞു.

ലൈബീരിയന്‍ മുന്‍ സാമ്പത്തികകാര്യ സഹമന്ത്രി അഗസ്റ്റസ് ജെ. ഫ്ലോമോ വിശിഷ്ടാതിഥിയായിരുന്നു. ബിസിനസിനും സംരംഭങ്ങള്‍ക്കും പുത്തന്‍ വിപണിയ്ക്കുമുള്ള സാധ്യത ആഫ്രിക്കയില്‍ ഇപ്പോളുണ്ടെന്ന് അഗസ്റ്റസ് ജെ. ഫ്ലോമോ പറഞ്ഞു. ആഫ്രിക്കയുമായുള്ള സഹകരണത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാങ്കേതിക വൈദഗ്ധ്യം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോണിക്സ് സോഫ്റ്റ്വെയര്‍ സൊലൂഷന്‍സിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറിയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ലൈബീരിയയിലെ ആരോഗ്യ മേഖലയില്‍ മികച്ച സേവനം നല്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുമെന്ന് ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി രജിസ്ട്രാര്‍ സിസിലിയ സി.കെ പാങ്ബാല ഫ്ലോമോ പറഞ്ഞു.


ഇന്ത്യയ്ക്കും ലൈബീരിയയ്ക്കും ഇടയിലുള്ള സാങ്കേതികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടിയിലൂടെ ലഭ്യമായി. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിലയിരുത്തി പ്രതിനിധികള്‍ ആഫ്രിക്കന്‍ വിപണിയുടെ സാധ്യതകള്‍ ഉറപ്പു വരുത്തി.

നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വ്യവസായികളും സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു. ആരോഗ്യരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ സാമൂഹിക പുരോഗതിക്കുള്ള സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചുള്ള സെഷനുകളും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു.

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് , ജിടെക് സെക്രട്ടറി ശ്രീകുമാര്‍. വി, നിയോനിക്സ് സൊല്യൂഷന്‍സ് സിഇഒ ആര്‍ച്ച അരുണ്‍, നിയോനിക്സ് സൊല്യൂഷന്‍സിന്‍റെ സഹസ്ഥാപകരായ അരുണ്‍ ആര്‍ എസ് ചന്ദ്രന്‍, ഗുരുമത് തുടങ്ങിയവരും പങ്കെടുത്തു.

Photo Gallery