ആറ്റുകാല്‍ പൊങ്കാല: വിജയം കണ്ട് ഹരിതചട്ടപാലനം

Trivandrum / February 25, 2024

തിരുവനന്തപുരം: ശുചിത്വ മിഷന്‍റെയും നഗരസഭയുടെയും പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇക്കുറി ആറ്റുകാല്‍ പൊങ്കാലയില്‍ സമ്പൂര്‍ണ്ണ ഹരിത ചട്ടം പാലിക്കാനും മാലിന്യോത്പാദനം ഗണ്യമായി കുറയ്ക്കാനും സാധിച്ചു. പൊങ്കാലയ്ക്ക് എത്തിച്ചേര്‍ന്ന ഭക്തര്‍ ഏറിയ പങ്കും സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും കൊണ്ടുവന്നതിനാല്‍ ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം കാര്യമായി കുറയ്ക്കാനായി.

ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രചരണ പരിപാടികളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതിനാല്‍ ഏകോപയോഗ സാധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ സാധിച്ചു.

അതേസമയം ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡും ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരും ഇടപെട്ട് അത്തരം വസ്തുക്കള്‍ നീക്കം ചെയ്യുകയും പകരമായി പുനരുപയോഗ സാധ്യമായ വസ്തുക്കളുടെ ഉപയോഗം ഉറപ്പാക്കുകയും ചെയ്തു. സംഘടനകളുടെ സമയോചിതമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഗുണകരമായി.

ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്‍റെ സഹകരണത്തോടെ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍സിന്‍റെയും നഗരസഭയുടെ ഗ്രീന്‍ ആര്‍മി വോളന്‍റിയേഴ്സിന്‍റെയും നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ പൊങ്കാല സേഫ് പൊങ്കാല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാനായി.

പൊതുജനങ്ങളുടെ സഹകരണവും അനുകൂല പ്രതികരണങ്ങളും ഹരിത ചട്ടം പാലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതായി ശുചിത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച വോളന്‍റിയര്‍മാരെയും ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരെയും റിസോഴ്സ് പേഴ്സണ്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു.

Photo Gallery