കോഴിക്കോട് സൈബര്‍പാര്‍ക്ക്; സൈബര്‍ സ്പോര്‍ട്സ് അരീന മുഖ്യമന്ത്രി ഇന്ന് (23.02.2024 വെള്ളിയാഴ്ച) ഉദ്ഘാടനം ചെയ്യും

Calicut / February 22, 2024

കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ സൈബര്‍സ്പോര്‍ട്സ് അരീന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (23.02.2024 വെള്ളിയാഴ്ച) നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലരയ്ക്ക് സൈബര്‍പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

വ്യായാമവും ഉല്ലാസവേളകളും ജോലിയുടെ പിരിമുറുക്കം കുറയ്ക്കുമെന്ന് മാത്രമല്ല, ജോലിയിലൂടെയുള്ള ഉത്പാദനക്ഷമത കൂട്ടുമെന്നും ആധുനിക പഠനങ്ങള്‍ തെളിയിച്ചസാഹചര്യത്തിലാണ് ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായി ഇത്തരമൊരു ഉദ്യമം സൈബര്‍പാര്‍ക്ക് തുടങ്ങിയത്. 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍  ഒരുക്കിയിട്ടുള്ളത്.

കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, കെഎസ്ഐടിഎല്‍ എംഡി ഡോ. സന്തോഷ് ബാബു, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സൈബര്‍ സ്പോര്‍ട്സ് അരീന സംവിധാനം ഐടി കമ്പനികളിലെ ജീവക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

 

ENDS

Photo Gallery