സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഫ്രിക്കന്‍ വിപണിയില്‍ അവസരമൊരുക്കാന്‍ 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടി

Trivandrum / February 21, 2024

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടി സംഘടിപ്പിക്കുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടിയ്ക്ക് നേതൃത്വം നല്കുന്നത്.

ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ സിഡാക് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 27 ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ഏഴു വരെ നടക്കുന്ന പരിപാടി നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറിയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്‍റെ ഉദ്ഘാടനം പരിപാടിയോടനുബന്ധിച്ച് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ലൈബീരിയന്‍ മുന്‍ സാമ്പത്തികകാര്യ സഹമന്ത്രി  അഗസ്റ്റസ് ജെ. ഫ്ലോമോ വിശിഷ്ടാതിഥിയായിരിക്കും. ലൈബീരിയന്‍ ബോര്‍ഡ് ഫോര്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി രജിസ്ട്രാര്‍ സിസിലിയ സി. കെപാങ്ബാല ഫ്ലോമോ, ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി  ഡോ. രത്തന്‍ യു കേല്‍ക്കര്‍, ടെക്നോപാര്‍ക്ക് സിഇഒ സഞ്ജീവ് നായര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യയ്ക്കും ലൈബീരിയയ്ക്കും ഇടയിലുള്ള സാങ്കേതികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടിയിലൂടെ ലഭ്യമാകും.

നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വ്യവസായികളും സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സാങ്കേതിക വിദ്യാ വൈദഗ്ധ്യം ആഫ്രിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിലയിരുത്തി പ്രതിനിധികള്‍ ആഫ്രിക്കന്‍ വിപണിയുടെ സാധ്യതകള്‍ ഉറപ്പു വരുത്തും.

ആരോഗ്യരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ സാമൂഹിക പുരോഗതിക്കുള്ള സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചുള്ള സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

നൂതന സോഫ്റ്റ് വെയര്‍ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥാപനമാണ് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
 

Photo Gallery