കേരളത്തിലെ ഐടി മേഖലയിലെ സ്ത്രീ പങ്കാളിത്തത്തെ പ്രകീര്‍ത്തിച്ച് ഇറ്റാലിയന്‍ പ്രതിനിധി സംഘം

സോഫ്റ്റ് ക്ലബ്ബ് അംഗങ്ങള്‍ ടെക്നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനികള്‍ സന്ദര്‍ശിച്ചു
Trivandrum / February 18, 2024

തിരുവനന്തപുരം: സുസ്ഥിരതയാര്‍ന്ന ഐടി ആവാസവ്യവസ്ഥ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിന് കേരളം മികച്ച മാതൃകയാണെന്ന് ഇറ്റലി ആസ്ഥാനമായ സോഫ്റ്റ് ക്ലബ്ബ് പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനിടെ പറഞ്ഞു. പ്രസിഡന്‍റ് ഫ്രാന്‍സിസ്കോ റുട്ടെല്ലിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സാംസ്കാരിക സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രമുഖ ആഗോള സംഘടനയായ സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളത്തോടനുബന്ധിച്ചാണ് സംഘം ഇവിടെയെത്തിയത്.

ഇരുപതോളം അംഗങ്ങളാണ് ഇറ്റാലിയന്‍ സംഘത്തിലുള്ളത്. ഉദ്ഘാടനത്തിന് ശേഷം സോഫ്റ്റ് പവര്‍ ക്ലബ്ബ് അംഗങ്ങള്‍ ടെക്നോപാര്‍ക്ക് ക്യാമ്പസിലെ നിള, ഗംഗ, യമുന എന്നീ കെട്ടിടങ്ങളും ഫേസ് 3 ലെ നയാഗ്രയിലുള്ള എംബസി ടോറസും പ്രമുഖ ഐടി കമ്പനികളായ ഐബിഎസ് സോഫ്റ്റ് വെയര്‍, ടൂണ്‍സ് മീഡിയ എന്നിവയും സന്ദര്‍ശിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), എന്നിവര്‍ സംഘത്തെ നയിക്കുകയും ഇന്ത്യയിലെ പ്രമുഖ ഐടി കേന്ദ്രമായി അടയാളപ്പെടുത്തിയ ടെക്നോപാര്‍ക്കിലെ അത്യാധുനിക സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ജി 20 ഷെര്‍പ്പ അമിതാഭ് കാന്തും സംഘത്തിനൊപ്പമുണ്ടായിരുന്നു.

സോഫ്റ്റ് പവര്‍ ക്ലബ്ബ് അംഗവും ജനീവയിലെ യുനെസ്കോ ലെയ്സണ്‍ ഓഫീസ് ഡയറക്ടറുമായ അന്ന ലൂയിസ മാസോട്ട് തോംസണ്‍ ഫ്ളോറസ് ജീവനക്കാരെ നിയമിക്കുന്നതിന്‍റെ മാനദണ്ഡമെന്തെന്നും ലിംഗസമത്വം പാലിക്കുന്നുണ്ടോ എന്നിവയും ചോദിച്ചറിഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കില്‍ പ്രതിഭാധനരായ ധാരാളം വനിതാ ജീവനക്കാരുണ്ടെന്നതും കഴിവും യോഗ്യതയുമാണ് നിയമനത്തിനുള്ള മാനദണ്ഡവുമെന്ന വസ്തുത തന്നെ അത്യധികം ആകര്‍ഷിച്ചതായി അവര്‍ പറഞ്ഞു.

ഇത്രയും മികച്ച വനിതാ ഐടി പ്രൊഫഷണലുകളെ സൃഷ്ടിക്കാനായത് കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് ഗാംബെറോ റോസ്സോ അക്കോട്ടെല്‍ പ്രസിഡന്‍റ് പൗലോ കുക്കിയ പറഞ്ഞു.

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) പ്രതിനിധികളുമായി സംഘം ആശയവിനിമയം നടത്തി. ഐബിഎസ് സോഫ്റ്റവെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാനും ജി-ടെക് ചെയര്‍മാനുമായ വി.കെ മാത്യൂസും ടെക്നോപാര്‍ക്കിലെ മറ്റ് വ്യവസായ പ്രമുഖരും ജി-ടെക് അംഗങ്ങളും സംവാദത്തില്‍ പങ്കെടുത്തു.

ഇറ്റലിയിലെ ആനിമേഷന്‍ വ്യവസായ ഉത്പന്നങ്ങളില്‍ ഏറിയപങ്കും ഇന്ത്യന്‍ സ്റ്റുഡിയോയിലെ പ്രതിഭകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആനിമേഷന്‍ മേഖലയിലെ വിദഗ്ധനായ ആല്‍ഫിയോ ബാസ്റ്റ്യന്‍സിച്ച് പറഞ്ഞു. ഇന്ത്യന്‍ യുവാക്കളുടെ സാങ്കേതികവും ക്രിയാത്മകവുമായ വൈദഗ്ധ്യത്തിന്‍റെയും ഉത്പാദനക്ഷമതയുടെയും തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനിമേഷന്‍ എന്നത് സുപ്രധാനമായ സോഫ്റ്റ് പവര്‍ മാധ്യമമാണെന്നും ഒരു കാര്‍ട്ടൂണിന്‍റെ നിര്‍മ്മാണ പ്രക്രിയ അതിന്‍റെ നിര്‍മ്മാതാവിനെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായും മോഷന്‍ പിക്ചേഴ്സിന്‍റെയും ടിവി പ്രോഗ്രാമിന്‍റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആനി സോഫി വാന്‍ഹോള്‍ബെക്ക് പറഞ്ഞു. കാര്‍ട്ടൂണുകള്‍ക്ക് അര്‍ത്ഥവത്തായ സന്ദേശങ്ങളും വിവരങ്ങളും ഫലപ്രദമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനും ലോകമെമ്പാടുമുള്ള പുതിയ തലമുറയെ സ്വാധീനിക്കാനും ശക്തിയുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്കാ, ഇറ്റാലിയന്‍ പാര്‍ലമെന്‍റംഗങ്ങളായ മൗറോ ബെറൂട്ടോ, ജിയോവന്ന മിയേല്‍, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ്സ് സീനിയര്‍ ഡയറക്ടര്‍ മൗറിസിയോ ടാഫോണ്‍, അല്‍മവിവ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ട്രിപ്പി, ബിക്യൂ എന്‍റര്‍ടെയ്ന്‍മെന്‍റ് സിഇഒ ക്രിസ്റ്റ്യന്‍ ജെസ്ഡിക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കല, സംസ്കാരം, പൈതൃകം, സാമ്പത്തിക സ്വാധീനം എന്നിവയിലൂടെ മനുഷ്യവികസനം സാധ്യമാക്കാനാണ് സോഫ്റ്റ് പവര്‍ ക്ലബ്ബ് ലക്ഷ്യമിടുന്നത്.

Photo Gallery

+
Content
+
Content
+
Content