യൂത്ത് മീറ്റ്സ് ഹരിതകര്‍മസേന; ഹരിതകര്‍മസേനയെ അടുത്തറിയാന്‍ യുവാക്കള്‍ക്ക് അവസരവുമായി മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍

Trivandrum / February 16, 2024

തിരുവനന്തപുരം: മാലിന്യസംസ്ക്കരണത്തില്‍ ഹരിതകര്‍മ്മസേനയുടെ ഇടപെടലും അതുവഴി അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളും പൊതുജനങ്ങളിലെത്തിക്കാന്‍ ബോധവത്കരണ പരിപാടിയുമായി ശുചിത്വമിഷന്‍. ഇതിന്‍റെ ഭാഗമായി ഓരോ ജില്ലയിലും 100 യുവജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് 'യൂത്ത് മീറ്റ്സ് ഹരിതകര്‍മ്മസേന' എന്ന പ്രചാരണ പരിപാടി ഫെബ്രുവരി 18 ഞായറാഴ്ച സംഘടിപ്പിക്കുകയാണ്.

സുസ്ഥിര ജീവിതരീതികള്‍ക്കായി മാതൃകാപരമായ മാലിന്യ സംസ്കരണ രീതികളെക്കുറിച്ച് ബോധവത്കരണം, ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്ന ബഹുജന പിന്തുണ വര്‍ധിപ്പിക്കല്‍, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍, മാലിന്യമുക്ത നവകേരളത്തിനായി യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ ജില്ലയില്‍ നിന്നും 100 യുവപ്രതിനിധകളും 25 ഹരിതകര്‍മ്മ സേനാപ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുക്കുകേണ്ടത്. സംസ്ഥാന വ്യാപകമായി 1400 യുവാക്കളും 350 ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുക്കും.

ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ആശയവിനിമയം നടത്തും. യൂസര്‍ഫീ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഹരിതകര്‍മ്മ സേന സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കാന്‍ സാധിക്കും. മാലിന്യം തരംതിരിക്കലിന്‍റെ തത്സമയ പ്രദര്‍ശനം നടത്തുകയും യുവാക്കളെ അത് ചെയ്യാന്‍ പരിശീലനം നല്‍കുകയുംചെയ്യും. ഹരിതകര്‍മ്മസേനയുടെ മാറ്റം ഗാനാലാപനവും സാധ്യമായ ഇടങ്ങളില്‍ ഫ്ളാഷ്മോബും സംഘടിപ്പിക്കും.

ഹരിതകര്‍മ്മ സേനയ്ക്ക് മികച്ച ബ്രാന്‍ഡിംഗ് ലഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ശുചിത്വമിഷന്‍ കരുതുന്നത്. സുസ്ഥിര മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയിലേക്ക് കൂടുതല്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

Photo Gallery