സോഫ്റ്റ് പവര്‍ ക്ലബ്ബ് വാര്‍ഷിക സമ്മേളനത്തിന് ഇന്ന് (ഫെബ്രുവരി 16) തിരുവനന്തപുരത്ത് തുടക്കം

സോഫ്റ്റ് പവര്‍ ഹബ്ബായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും; ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് പങ്കെടുക്കും
Trivandrum / February 15, 2024

തിരുവനന്തപുരം: കല, സംസ്കാരം, പൈതൃകം എന്നിവയിലൂടെ മനുഷ്യന്‍റെ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ വാര്‍ഷിക സമ്മേളനത്തിന് ഇന്നും നാളെയും (ഫെബ്രുവരി 16, 17) തിരുവനന്തപുരം ആതിഥേയത്വം വഹിക്കും. ഇന്ന് രാവിലെ 9 ന് ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.


സോഫ്റ്റ് പവര്‍ ഹബ്ബ് എന്ന നിലയില്‍ സംസ്ഥാനത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ കേരളം ലക്ഷ്യമിടുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐടി, തദ്ദേശ ഭരണ സംവിധാനം, ആരോഗ്യരംഗം, കുടുംബശ്രീ, സ്ത്രീശാക്തീകരണം, ഭൂമിശാസ്ത്ര വൈവിധ്യം, ചരിത്ര-പൈതൃക സവിശേഷതകള്‍, കലാ സാംസ്കാരിക രംഗം, മതേതരത്വം, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ സവിശേഷതകള്‍ സംസ്ഥാനം മുന്നോട്ടുവയ്ക്കും.

ഉന്നതതല ഉദ്യോഗസ്ഥര്‍, രാജ്യാന്തര സ്ഥാപനങ്ങളുടെ മേധാവികള്‍, അനലിസ്റ്റുമാര്‍, ബിസിനസ്, ശാസ്ത്രം, കല, ഡിജിറ്റല്‍ ടെക്നോളജീസ്, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ മുപ്പതോളം അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സോഫ്റ്റ് പവറിന്‍റെ സമകാലിക കാഴ്ചപ്പാടുകളും ബിസിനസ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതില്‍ അതിന്‍റെ പങ്കും സമ്മേളനം ചര്‍ച്ചചെയ്യും.

സാംസ്കാരികവും പൈതൃകപരവുമായ പ്രത്യേകതകളുള്ള ലോകത്തെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കാറുള്ള ക്ലബ്ബിന്‍റെ വാര്‍ഷിക സമ്മേളനത്തിനാണ് ഇക്കുറി കേരളം ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ വാര്‍ഷിക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം സെക്രട്ടറി ബിജു കെ തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് സോഫ്റ്റ് പവര്‍ ക്ലബ്ബ് പ്രസിഡന്‍റ് ഫ്രാന്‍സിസ്കോ റുട്ടേലിയുടെ ആമുഖഭാഷണവും ജി 20 ഷെര്‍പ്പ അമിതാഭ് കാന്തിന്‍റെ അവതരണവും നടക്കും. 'സോഫ്റ്റ് പവര്‍ എങ്ങനെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പ്രാധാന്യമുള്ളതാകുന്നു' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ച പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം സഞ്ജീവ് സന്ന്യാല്‍ നയിക്കും.

സാങ്കേതികവിദ്യാ രംഗത്തെ കേരളത്തിന്‍റെ പരിവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ടൂറിസം-സാംസ്കാരിക മേഖലകളുടെ വളര്‍ച്ചയില്‍ സോഫ്റ്റ് പവറിന്‍റെ പങ്ക് എന്ന വിഷയത്തില്‍ ടൂറിസം സെക്രട്ടറി ബിജു കെ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഈ സെഷനില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കുമായി സോഫ്റ്റ് പവര്‍ ക്ലബ്ബ് അംഗങ്ങളുടെ സംവാദം നടക്കും. ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗങ്ങളെയും സന്ദര്‍ശിക്കും.

ശനിയാഴ്ച രാവിലെ 9.30 ന് കേരളത്തിലെ ടൂറിസം എന്ന വിഷയത്തില്‍ സെക്രട്ടറി ബിജു കെ അവതരണം നടത്തും. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ക്ലബ്ബ് അംഗങ്ങള്‍ക്കായി വൈകിട്ട് സംസ്ഥാനത്തിന്‍റെ തനത് കലാരൂപങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്.

സമ്മേളനത്തിനായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ക്ലബ്ബ് അംഗങ്ങള്‍ കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, മ്യൂസിയം, കുതിരമാളിക, കനകക്കുന്നില്‍ ആരംഭിച്ച നിശാഗന്ധി ഫെസ്റ്റിവെല്‍ എന്നിവ വീക്ഷിച്ചു.

സഹകരണം, സുരക്ഷിതത്വം, വികസനം എന്നിവയില്‍ ഊന്നിയുള്ള ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രതിബദ്ധതയോടെയുള്ള ആലോചനകളും പ്രവര്‍ത്തനവുമാണ് സോഫ്റ്റ് പവര്‍ ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള കൂട്ടായ്മകള്‍ വിവിധ ലോകരാജ്യങ്ങളില്‍ സംഘടിപ്പിച്ച് ഉരുത്തിരിയുന്ന ആശയങ്ങളും അനുഭവങ്ങളും ക്രോഡീകരിച്ച് ഫലപ്രദമായി നടപ്പാക്കും.

Photo Gallery