ഒരുമയിലൂടെ ലഹരിക്കെതിരായ ആഘോഷമായി ജി-ടെക് മാരത്തോണ്‍

Kochi / February 11, 2024

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ക്യാമ്പസില്‍ നടന്ന ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് മാരത്തോണില്‍ ഫ്ളാഗ് ഓഫിന് കാത്തു നില്‍ക്കുന്ന പതിനൊന്ന് വീല്‍ച്ചെയര്‍ അത്ലീറ്റുകള്‍. കൊടി താഴുമ്പോള്‍ അവരില്‍ കണ്ടത് ഒന്നാമതെത്താനുള്ള വീറോ വാശിയോ ആയിരുന്നില്ല, മറിച്ച് ഒന്നിച്ച് ലക്ഷ്യത്തിലേക്കെത്താനുള്ള സംഘബോധമായിരുന്നു.

 ഒരു കിഡ്നിയും മൂന്ന് തവണ അര്‍ബുദരോഗബാധയുമുള്ള അവസ്ഥയെ വെല്ലുവിളിച്ച് രണ്ടാം സ്ഥാനം നേടിയ തങ്കപ്രസാദും കൈപിടിച്ച് അന്ധതയെ അതിജീവിച്ച് ഓടിയെത്തിയവരും ഓട്ടിസം ബാധിതരുമെല്ലാം ജി-ടെക് മാരത്തോണിലൂടെ നല്‍കിയത് ഒരുമയുടെ സന്ദേശമാണ്. നോടു ഡ്രഗ്സ്, യെസ് ടു ലൈഫ് എന്ന പ്രമേയത്തില്‍ ഇതിലും മികച്ച ഉദാഹരണം സമൂഹത്തിന് നല്‍കാനുമില്ല.

ഒരുമയുടെ ഉത്സവമെന്നാണ് ജി-ടെക് മാരത്തോണില്‍ പങ്കെടുത്തു കൊണ്ട് പ്രശസ്ത അര്‍ബുദ രോഗവിദഗ്ധന്‍ ഡോ. എം ഗംഗാധരന്‍ പറഞ്ഞത്. ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങള്‍ എന്നും കാണുന്ന തനിക്ക് ആരോഗ്യബോധവത്കരണത്തിനു വേണ്ടി ഇവിടെയെത്തിയ ജനക്കൂട്ടം വലിയ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊണ്ടുള്ളതാകണം ഇക്കുറി ജി-ടെക് മാരത്തോണ്‍ എന്ന നിര്‍ബന്ധം സംഘാടകര്‍ക്കുണ്ടായിരുന്നുവെന്ന് ജി-ടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. വീല്‍ചെയര്‍ അത്ലറ്റുകള്‍, കാഴ്ചപരിമിതര്‍, ഓട്ടിസം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കും മാരത്തോണില്‍ തുല്യഅവസരം നല്‍കി. ഈ സമൂഹം എന്നും അവര്‍ക്കൊപ്പമുണ്ടെന്ന വലിയ സന്ദേശം നല്‍കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി-ടെക് മൂന്നാം ലക്കം  2025 ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്തും നാലാം ലക്കം 2026 ഫെബ്രുവരി എട്ടിന് കൊച്ചിയിലും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മാരത്തോണ്‍ നടക്കാന്‍ പോകുന്നുവെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അതില്‍ പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ടായതായി മത്സരത്തില്‍ പങ്കെടുത്ത തക്ഷണ്‍ ക്രിയേറ്റീവ്സ് സഹസ്ഥാപകന്‍ ജോളി ജോസഫ് പറഞ്ഞു. അതീവ സന്തോഷത്തോടെ ജി-ടെക് അധികൃതര്‍ പിന്തുണ നല്‍കി. മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി കുറച്ചു ദിവസം പരിശീലനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മാരത്തോണിന്‍റെ മെഡലുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചത് തക്ഷണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content
+
Content
+
Content