ആരോഗ്യ ബോധവത്കരണം; എല്ലാ പഞ്ചായത്തിലും മാരത്തോണ്‍ സംഘടിപ്പിക്കുന്നത് പരിഗണനയില്‍- കായികമന്ത്രി

ആറായിരത്തിലധികം പേര്‍ പങ്കെടുത്ത് ജി-ടെക് മാരത്തോണ്‍
Kochi / February 11, 2024

കൊച്ചി: സമൂഹത്തില്‍ ആരോഗ്യബോധവത്കരണവും ലഹരിക്കെതിരായ സന്ദേശവും നല്‍കുന്നതിന് എല്ലാ പഞ്ചായത്തിലും മാരത്തോണ്‍ സംഘടിപ്പിക്കുന്നത് പരിഗണനിയിലാണെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ഐടി വ്യവസായ കൂട്ടായ്മയായ ജി-ടെക് സംഘടിപ്പിച്ച മാരത്തോണ്‍ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനദാനം നടത്തുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇത് സജീവപരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ആറായിരത്തിലധികം പേരാണ് ജി-ടെക് സംഘടിപ്പിച്ച മാരത്തോണില്‍ പങ്കെടുത്തത്. വെളുപ്പിന് നാലേമുക്കാലിന് തന്നെ പങ്കെടുക്കാനെത്തിയവര്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലെത്തി. 21 കി.മീ, 10 കി.മീ, 3 കി.മീ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി സീനിയര്‍ വെറ്ററന്‍, വെറ്ററന്‍, ഓപ്പണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലെ സന്‍സ്ക്കാര സ്കൂളിനു മുന്നില്‍ നിന്നും ജെംസ് സ്കൂള്‍, ചിത്രപ്പുഴ പാലം, ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന്, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍, കാര്‍ണിവല്‍ ഐടി പാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി എന്നിവിടങ്ങള്‍ ചുറ്റി തിരികെ തുടക്ക സ്ഥലത്ത് എത്തുന്ന വിധത്തിലാണ് മാരത്തോണ്‍ നടന്നത്.

ഹൈബി ഈഡന്‍ എം പി, ജി-ടെക് ചെയര്‍മാന്‍ വി കെ മാത്യൂസ്, ഡോ. വി പി ഗംഗാധരന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

സമ്മാനദാനച്ചടങ്ങില്‍ വി അബ്ദുറഹിമാനെക്കൂടാത ഉമാ തോമസ് എംഎല്‍എ, സിനിമാതാരങ്ങളായ അപര്‍ണ ബാലമുരളി, ഇന്ദ്രജിത്ത്, വി കെ മാത്യൂസ്, സെക്രട്ടറി വി ശ്രീകുമാര്‍, ഡോ. വി പി ഗംഗാധരന്‍, എക്സൈസ് സ്പെഷ്യല്‍ ബ്രാഞ്ച് സിഐ ജി വിജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 21 കി.മീ മത്സരത്തില്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ജോബി പോള്‍ ഒന്നാം സ്ഥാനത്തെത്തി. വെറ്ററന്‍ പുരുഷവിഭാഗത്തില്‍ അജി കുമാറും സീനിയര്‍ വെറ്ററന്‍ പുരുഷ വിഭാഗത്തില്‍ നളിനാക്ഷന്‍ കിഴക്കേടത്തും ഒന്നാം സ്ഥാനത്തെത്തി.  ഇതേ വിഭാഗം വനിതാ ഓപ്പണ്‍ വിഭാഗത്തില്‍ ബിന്‍സി ജിത്ത്, വെറ്ററനില്‍ മീനാക്ഷി ശങ്കര്‍, സീനിയര്‍ വെറ്ററന്‍ വിഭാഗത്തില്‍ ജ്യോതി പി ബാലന്‍ എന്നിവരും ഒന്നാം സ്ഥാനത്തെത്തി.

പത്ത് കി.മീ പുരുഷ ഓപ്പണ്‍ വിഭാഗത്തില്‍ ഹേമന്ത് കുമാര്‍, വെറ്ററന്‍ വിഭാഗത്തില്‍ രമേഷ് കാഞ്ഞിലിമഠം, സീനിയര്‍ വെറ്ററന്‍ വിഭാഗത്തില്‍ പുരുഷോത്തമന്‍ പി വി എന്നിവരും ഒന്നാമതായി ഫിനിഷ് ചെയ്തു. വനിതാ ഓപ്പണ്‍ വിഭാഗത്തില്‍ വിനീത വര്‍ഗീസ്, വെറ്ററന്‍ വിഭാഗത്തില്‍ റീനാ ജോബ് സീനിയര്‍ വെറ്ററനില്‍ സീന ഫിറോസ് എന്നിവരും ഒന്നാമതെത്തി.

മൂന്ന് കി.മീ ഫണ്‍ റേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത പുരസ്ക്കാരം ഐബിഎസ് സോഫ്റ്റ് വെയറിന് ലഭിച്ചു.

അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ജി-ടെക് മാരത്തോണിന്‍റെ രണ്ടാം ലക്കത്തില്‍ ദൃശ്യമായത്. സുഹൃദ സംഘങ്ങള്‍, റസിഡന്‍റ്സ് അസോസിയേഷന്‍ കൂട്ടായ്മ, ഐടി കമ്പനികള്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്ക് പുറമെ നിരവധി പേര്‍ കുടുംബമായും മാരത്തോണിനെത്തി. 21 കി.മീ ഓട്ടം പൂര്‍ത്തിയാക്കി സമ്മാനം മേടിച്ച മുതിര്‍ന്നവരെ മന്ത്രി വി അബ്ദുറഹിമാന്‍ പ്രത്യേകം പ്രശംസിച്ചു. യുവാക്കള്‍ ഇവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിമുക്ത സന്ദേശമുയര്‍ത്തിക്കൊണ്ട് നടക്കുന്ന ജി-ടെക് മാരത്തോണ്‍ പ്രത്യേക പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച തൃക്കാക്കര എം പി ഉമാ തോമസ് പറഞ്ഞു.

ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജി-ടെക് മാരത്തോണ്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി നടത്തുമെന്ന് ജി-ടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. 2025 ല്‍ തിരുവനന്തപുരത്തും 2026 ല്‍ കൊച്ചിയിലും നടത്തുന്ന മാരത്തോണിന്‍റെ തിയതികളും അദ്ദേഹം പ്രഖ്യാപിച്ചു.

തടി കുറയ്ക്കാന്‍ ഓട്ടം തുടങ്ങി മാരത്തോണ്‍ ഓട്ടക്കാരനാവുകയും പിന്നീട് ലോകപ്രശസ്തമായ അയേണ്‍ മാന്‍ മത്സരം വിജയിക്കുകയും ചെയ്ത സഹപാഠിയുടെ അനുഭവകഥയാണ് നടന്‍ ഇന്ദ്രജിത്ത് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചത്. അടുത്ത എഡീഷനില്‍ മാരത്തോണ്‍ ഓടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content
+
Content
+
Content