ജി-ടെക് മാരത്തോണ്‍ ഞായറാഴ്ച; ആറായിരത്തിലധികം പേര്‍ പങ്കെടുക്കും

മന്ത്രി അബ്ദുറഹിമാന്‍, ചലച്ചിത്രതാരങ്ങളായ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ പങ്കെടുക്കും
Kochi / February 9, 2024

കൊച്ചി: സംസ്ഥാനത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് സംഘടിപ്പിക്കുന്ന മാരത്തോണ്‍  ഫെബ്രുവരി 11 ന് (ഞായര്‍) നടക്കും. നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നടക്കുന്ന മാരത്തോണില്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 6000 ത്തിലധികം പേരാണ് പങ്കെടുക്കുന്നത്. 21 കി.മീ, 10 കി.മീ, 3 കി.മീ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

ഓട്ടിസ്റ്റിക്, കാഴ്ചപരിമിതര്‍, അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരായ ഭിന്നശേഷിക്കാര്‍ ഭാഗമാകുന്നുവെന്നതാണ് ഈ മാരത്തോണിന്‍റെ വലിയ സവിശേഷത. കേരളത്തിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയെന്നതാണ് മാരത്തോണിന്‍റെ ലക്ഷ്യം.

സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും വലിയ മാരത്തോണ്‍ ആയിരിക്കുമിതെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചിയിലും പരിസരപ്രദേശത്തുമുള്ള വിദ്യാര്‍ത്ഥിസമൂഹം, ഐടി പ്രൊഫഷണലുകള്‍,  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ജി-ടെക് മാരത്തോണിന്‍റെ ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്താണ് നടന്നത്.

കായികമന്ത്രി വി അബ്ദുറഹിമാന്‍ മാരത്തോണിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഹൈബി ഈഡന്‍ എം പി, ഉമാ തോമസ് എംഎല്‍എ, ഡോ. വി പി ഗംഗാധരന്‍, ചലച്ചിത്രതാരങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ സന്നിഹിതരാകും.

ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ സന്‍സ്കാര സ്കൂള്‍ അങ്കണത്തില്‍ നിന്നുമാണ് മാരത്തോണ്‍ ആരംഭിക്കുക. 21 കി.മീ മാരത്തോണ്‍ പുലര്‍ച്ചെ 4.30 ന് ആരംഭിക്കും. മറ്റ് വിഭാഗങ്ങള്‍ തുടര്‍ന്ന് നടക്കും. മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരത്തിനു മുമ്പ് അരമണിക്കൂര്‍ സുംബ ഡാന്‍സ് വ്യായാമം ഉണ്ടായിരിക്കും.

 കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ ലഹരി ഉപയോഗത്തില്‍ നാലിരട്ടി വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന് ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ്‌വെയർ  സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള സമൂഹമെന്ന നിലയില്‍ ലഹരിക്കെതിരായ സന്ദേശം ഉറക്കെ വിളിച്ചറിയിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. മാരത്തോണില്‍ പങ്കെടുക്കാനായി ലഭിച്ച മികച്ച രജിസ്ട്രേഷന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം ഇടപെടലുകളെ ബഹുജനപങ്കാളിത്തത്തോടെ വലിയ മുന്നേറ്റമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാരത്തോണിന്‍റെ ലോഗോ പ്രകാശനം ഈ മാസം നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.

സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ 80 ശതമാനം പേരുമടങ്ങുന്ന 250 ഓളം ഐടി കമ്പനികളുടെ സംഘടനയാണ് ജി-ടെക്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ്‌വെയർ , ടാറ്റ എല്‍ക്സി, ക്വെസ്റ്റ്, യുഎസ്ടി, ഇവൈ തുടങ്ങിയ വന്‍കിട കമ്പനികളും ചെറുകിട-   ഇടത്തരം ഐടി കമ്പനികളും ജി-ടെക്കില്‍ അംഗങ്ങളാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ഭൂരിഭാഗം കമ്പനികളും ജി-ടെക്കിന്‍റെ ഭാഗമാണ്.

Photo Gallery