ഇന്‍സ്റ്റന്‍റ് പുളിശ്ശേരി മിക്സുമായി മില്‍മ

വിപണനോദ്ഘാടനം മില്‍മ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു
Kochi / February 9, 2024

കൊച്ചി: വിപണിയിലെ പൂത്തന്‍ പ്രവണതകള്‍ എന്നും തിരിച്ചറിഞ്ഞിട്ടുള്ള മില്‍മയുടെ പുതിയ ഉല്‍പ്പന്നമായ ഇന്‍സ്റ്റന്‍റ് പുളിശ്ശേരി മിക്സ് വിപണിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെഎസ് മണി എന്‍ഡിഡിബി അഡ്വൈസര്‍ കിഷോര്‍ എം ജ്വാലക്ക് കൈമാറിക്കൊണ്ടാണ് ഇന്‍സ്റ്റന്‍റ് പുളിശ്ശേരി മിക്സിന്‍റെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചത്.


നൂറു ശതമാനം പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഇന്‍സ്റ്റന്‍റ് പുളിശ്ശേരി മിക്സ് ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെയാണ് തയ്യാറാക്കിയിട്ടുള്ളത്. 100 ഗ്രാം പുളിശ്ശേരി മിക്സിന് 80 രൂപയാണ് വില. മലബാര്‍ മേഖലാ യൂണിയന്‍ വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നം കേരളാ കോ-ഓപ്പറേറ്റീവ്  മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ആണ് വിപണിയിലിറക്കിയത്.

 
പഴമയുടെ രുചിക്കൂട്ട് പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച്  കേരളത്തനിമയോടെ വിപണിയിലെത്തിക്കുന്നതിലാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെഎസ് മണി പറഞ്ഞു. 'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെ അവതരിപ്പിക്കുന്ന പോഷകപ്രദമായ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത മില്‍മയുടെ  വിപണി വിപുലീകരണത്തെയും വൈവിധ്യവല്‍ക്കരണത്തെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 
മില്‍മയുടെ മുഖച്ഛായ മാറിയെന്നും ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ മില്‍മ ഇപ്പോള്‍ പ്രാപ്തമാണെന്നും എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എംടി ജയന്‍ പറഞ്ഞു.


മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, മില്‍മ എംഡിയും ക്ഷീരവികസന വകുപ്പ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ്, മില്‍മ സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ഡിഎസ് കോണ്ട എന്നിവര്‍ സംബന്ധിച്ചു.


'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെ കഴിഞ്ഞ നവംബറില്‍ മില്‍മ വിപണിയില്‍ അവതരിപ്പിച്ച ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ സ്നാക്ക്ബാറും വിപണിയില്‍ വലിയ ജനപ്രീതി നേടിയിരുന്നു.


മലയാളത്തനിമയുള്ള രുചിവിഭവങ്ങള്‍ പെട്ടെന്ന് തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇന്‍സ്റ്റന്‍റ് ഉല്‍പ്പന്നങ്ങള്‍ മില്‍മ വിപണിയിലിറക്കുന്നത്.  ഭാവിയില്‍ കേരളത്തിന്‍റെ തനത് രുചിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് മില്‍മയുടെ ലക്ഷ്യം.

Photo Gallery

+
Content