കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ പതിനഞ്ചാം വാര്‍ഷിക ലോഗോ പുറത്തിറക്കി

ഇ വി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
Calicut / February 6, 2024

കോഴിക്കോട്:  കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യറാക്കിയ പ്രത്യേക ലോഗോ പ്രകാശനവും ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനവും സിഇഒ സുശാന്ത് കുറുന്തില്‍ നിര്‍വഹിച്ചു. കേരള ഐടി പാര്‍ക്ക്സ് സിഎംഒ മഞ്ജിത്ത് ചെറിയാന്‍, കോഴിക്കോട് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കായി തുടങ്ങിയ റിക്രിയേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നും സിഇഒ അറിയിച്ചു.

കോഴിക്കോട് സൈബര്‍പാര്‍ക്കിലെ നിര്‍ദ്ദിഷ്ട രണ്ടാം കെട്ടിടത്തിന്‍റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. അതിന്‍റെ അനുമതി വന്നാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സൈബര്‍പാര്‍ക്ക് ഉന്നയിച്ച ആവശ്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതാ വികസനവും കൊച്ചിയിലേക്ക് എളുപ്പം എത്താന്‍ കഴിയുമെന്നതും കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ മേന്മകളാണ്. കോഴിക്കോടിന്‍റെ സാംസ്ക്കാരിക പ്രാധാന്യം സൈബര്‍പാര്‍ക്ക് ഉപയോഗപ്പെടുത്തണം. പ്രാദേശിക വിപണിയെയും ആഗോളവിപണിയെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെ നിന്നുണ്ടാകണം. ഭാവി ഐടി സാധ്യത മുന്നില്‍ കണ്ടു കൊണ്ടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഐടി കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ഐടി നയത്തിലൂടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ക്ക് ഓഫ് ക്യാമ്പസ് സെന്‍റര്‍ തുടങ്ങാന്‍ സാധിക്കുമെന്നും സിഇഒ പറഞ്ഞു. സൈബര്‍പാര്‍ക്ക് ജീവനക്കാരും വിവിധ ഐടി കമ്പനികളിലെ പ്രൊഫഷണലുകളും പരിപാടിയില്‍ സംബന്ധിച്ചു.

Photo Gallery

+
Content
+
Content
+
Content