എന്‍ഐഐഎസ്ടി വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം ഉത്പാദന സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ധാരണ

ജൈവ ഇന്ധന നിര്‍മ്മാണശാലകളിലെ അത്യാവശ്യ ഘടകമാണ് ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം
Trivandrum / February 6, 2024

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍ഐഐഎസ്ടി) വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം ഉല്‍പാദന പ്രക്രിയയുടെ സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ധാരണ.

തിരുവനന്തപുരത്തെ എന്‍ഐഐഎസ്ടി വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈമിന്‍റെ ഉത്പാദന പ്രക്രിയയുടെ കൈമാറ്റം സംബന്ധിച്ച് നാഗ്പൂരിലെ സാര്‍ത്തക് മെറ്റല്‍സ് ലിമിറ്റഡുമായുള്ള കരാറില്‍ സിഎസ്ഐആര്‍ ഒപ്പിട്ടു.

ഖരാവസ്ഥയിലുള്ള ഫെര്‍മന്‍റേഷന്‍ പ്രക്രിയയിലൂടെ ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം ഉത്പാദിപ്പിക്കാന്‍ സിഎസ്ഐആര്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് സാര്‍ത്തക് മെറ്റല്‍സ് ലിമിറ്റഡിന് കൈമാറിയത്.

വൈയ്ക്കോല്‍ പോലുള്ള സസ്യജന്യ അസംസ്കൃത വസ്തുക്കളില്‍ നിന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനും ഇതിലൂടെ ഇന്ധനമായ എത്തനോള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുന്ന സെല്ലുലോസ് എന്‍സൈമുകളിലൊന്നാണ് ബീറ്റാ ഗ്ലൂക്കോസിഡേസ്.

നിരവധി 2ജി എത്തനോള്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ സുസ്ഥിരമായ സെല്ലുലോസ് ഉത്പാദനത്തിന്‍റെ ആവശ്യകത വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വാണിജ്യ ഉപയോഗത്തിനുള്ള ഈ സാങ്കേതികവിദ്യയുടെ കൈമാറ്റം പ്രാധാന്യമര്‍ഹിക്കുന്നെന്ന് എന്‍ഐഐഎസ്ടി ഡയക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

ജൈവ ഇന്ധന നിര്‍മ്മാണശാലകളിലെ ഉപയോഗത്തിന് പുറമെ ടെക്സ്റൈല്‍, ഡിറ്റര്‍ജന്‍റ്, പേപ്പര്‍ മുതലായ നിരവധി വ്യവസായങ്ങളിലും സെല്ലുലോസുകള്‍ അത്യാവശ്യ ഘടകമാണ്. ജൈവ അവശിഷ്ടങ്ങളില്‍ നിന്നും ഇന്ധന ആല്‍ക്കഹോള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഗ്ലൂക്കോസ് പോലുള്ള കാര്‍ബോഹൈഡ്രേറ്റ് തന്മാത്രകളുടെ ഉത്പാദനത്തിന് സസ്യങ്ങളിലെ സെല്ലുലോസ് വിഘടനത്തിന് വിധേയമാകണം. ഇതിനു സഹായിക്കുന്ന പ്രധാനപ്പെട്ട എന്‍സൈമാണ് ബീറ്റാ ഗ്ലൂക്കോസിഡേസ്. നിലവില്‍ വിപണിയില്‍ ലഭ്യമായ ചില എന്‍സൈമുകളേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ സഹായകമായ എന്‍സൈം കൂടിയാണിത്.

 

Photo Gallery