ആഗോള വിപണി ലക്ഷ്യമിട്ട് ജെന്‍ റോബോട്ടിക്സ് അത്യാധുനിക ഫാക്ടറി പാലക്കാട്

Palakkad / February 4, 2024

പാലക്കാട്: അഴുക്കുചാലുകൾ വൃത്തിയാക്കാനുള്ള ബാന്‍ഡികൂട്ട് റോബോട്ടിലൂടെ ലോകപ്രശസ്തമായ  ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക ഫാക്ടറി പാലക്കാട് തുടങ്ങും. ആഗോള വിപണിയില്‍ ജെന്‍ റോബോട്ടിക്സിന്‍റെ വര്‍ധിച്ച് വരുന്ന ആവശ്യത്തിനനുസരിച്ച്  ഉത്പാദനം നടത്താന്‍ ലക്ഷ്യമിട്ടു കൊണ്ട് ആരംഭിക്കുന്നതാണ് ഈ ഫാക്ടറി.

പാലക്കാട് വാളയാറുള്ള കെ എസ് ഐ ഡി സി യുടെ ഇന്‍വെസ്റ്റ്മെന്‍റ് സോണിലാണ് പുതിയ ഫാക്ടറി ഉയരുന്നത്. വ്യവസായ മന്ത്രി പി രാജീവ് ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍, സോഹോ സഹസ്ഥാപകന്‍ ടോണി ജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സീഫണ്ട് സഹസ്ഥാപകന്‍ മനോജ് കുമാര്‍ അഗര്‍വാള്‍, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സിന്‍റെ സ്ഥാപകന്‍ അനില്‍ ജോഷി, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ ആര്‍ പ്രശാന്ത്, ഡെ. ജനറല്‍ മാനേജര്‍ ജോസ് കുര്യന്‍ മുണ്ടയ്ക്കല്‍, ഡെ. മാനേജര്‍ അനുഷ് ജോസഫ് എന്നിവരും പങ്കെടുത്തു.

സമൂഹനന്മയെ കരുതിയുള്ള നൂതനാശയം പ്രവര്‍ത്തികമാക്കിയതിന് ഫോബ്സ് മാസികയുടെ 30 വയസ്സില്‍ താഴെയുള്ള 30 പേരടങ്ങുന്ന പട്ടികയില്‍ ജെന്‍ റോബോട്ടിക്സ് സ്ഥാപകര്‍ ഇടം പിടിച്ചിരുന്നു. ഫോബ്സിന്‍റെ 200 സ്ഥാനങ്ങളുള്ള വാണിജ്യ ശേഷി പട്ടികളിലും ജെന്‍ റോബോട്ടിക്സിന്‍റെ  ഉല്‍പ്പന്നങ്ങള്‍ ഇടം പിടിച്ചിരുന്നു.

മാനുഷിക മൂല്യങ്ങള്‍ അടങ്ങിയ തങ്ങളുടെ റോബോട്ടിക്സ് സാങ്കേതികവിദ്യയെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ പുതിയ ഫാക്ടറികളുടെ സാധിക്കുമെന്ന് ജെന്‍ റോബോട്ടിക്സ് സ്ഥാപകരായ വിമല്‍ ഗോവിന്ദ്, റാഷിദ് കെ, അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍ പി എന്നിവര്‍ പറഞ്ഞു.

പെട്രോളിയം, പ്രകൃതിവാതകം, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ ജെന്‍ റോബോട്ടിക്സിന്‍റെ ഉത്പന്നങ്ങള്‍ സേവനം നല്‍കുന്നുണ്ട്. ആനന്ദ് മഹീന്ദ്ര, സോഹോ ഇന്ത്യ തുടങ്ങിയവര്‍ ജെന്‍ റോബോട്ടിക്സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

നാല് രാജ്യങ്ങളിലും 23 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജെന്‍ റോബോട്ടിക്സിന് സാന്നിദ്ധ്യമുണ്ട്. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതില്‍ മനുഷ്യ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇവര്‍ നിര്‍മ്മിച്ച ബാന്‍ഡികൂട്ട് റോബോട്ട് സഹായിക്കും.

നിലവില്‍ കെഎസ്ഐഡിസിയുടെ വാളയാറുള്ള ഇന്‍വസ്റ്റ്മന്‍റ് സോണിലെ 7,300 ചതുരശ്രയടി വിസ്തീര്‍ണമുള്ള നിര്‍മ്മാണ യൂണിറ്റ് ജെന്‍ റോബോട്ടിക്സിനുണ്ട്. 356 റോബോട്ടുകളാണ് ഇതിനകം ഇവര്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.  1.25 ഏക്കര്‍ സ്ഥലത്ത് വരുന്ന പുതിയ ഫാക്ടറി വഴി വലിയ  നിക്ഷേപസാധ്യതയും നിരവധി തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

Photo Gallery

+
Content