ഐബിഎസിന്‍റെ വളര്‍ച്ച കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്‍റെ നേര്‍സാക്ഷ്യം- മുഖ്യമന്ത്രി

ഐബിഎസ് കൊച്ചി കാമ്പസ് ഉദ്ഘാടനം ചെയ്തു
Kochi / February 4, 2024

കൊച്ചി: ആഗോള ഐടി വ്യവസായത്തില്‍ ഐബിഎസിന്‍റെ വളര്‍ച്ച കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്‍റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്‌വെയറിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐബിഎസിന്‍റെ കൊച്ചിയിലെ അത്യാധുനിക കാമ്പസ് ലോകോത്തര വ്യവസായങ്ങള്‍ കേരളത്തിലുണ്ടെന്ന് കാണിക്കുന്നു. കേരളത്തില്‍ വ്യവസായം വളരില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഐബിഎസ് നല്‍കുന്നത്. കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്‍റെ ബ്രാന്‍ഡ് അമ്പാസിഡറാണ് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായം നല്ല രീതിയില്‍ വളരുകയാണ്. അതിന്‍റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് സോഫ്റ്റ്‌വെയർ കയറ്റുമിതിയിലെ വര്‍ധനവ്. 19,066 കോടി രൂപയുടെ കയറ്റുമതിയാണ് 2022-23 വര്‍ഷത്തില്‍ നടന്നത്. രാജ്യത്തെ ഐടി കയറ്റുമതിയുടെ 10 ശതമാനം കേരളത്തില്‍ നിന്നാകണമെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

കൊച്ചിയില്‍ ആരംഭിച്ച ടെക്നോളജി ഇനോവേഷന്‍ സോണ്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇനോവേഷന്‍ സ്ഥാപനമാകും അത്. എയ്റോ സ്പേസ് മേഖലയില്‍ കെ-സ്പേസ് സ്ഥാപിക്കുന്ന തിരുവനന്തപുരത്ത് മികവിന്‍റെ കേന്ദ്രം ഉടന്‍ യാഥാര്‍ഥ്യമാകും.


ദേശീയ അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കുന്നതിന് ഭൂമി, കെട്ടിടം, സ്മാര്‍ട്ട് ബിസിനസ് സെന്‍ററുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഐടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ വഴിയും 2 കോടി ചതുരശ്രയടി സ്ഥലം കേരളത്തിലുണ്ട്. മൂന്നു ടെക്നോളജി പാര്‍ക്കുകളിലുമായി 2016 ന് ശേഷം 509 പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി. 63,000 പുതിയ ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിച്ചു.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് 5000 ആയി ഉയര്‍ന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ദേശീയ റേറ്റിംഗിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലഭിച്ചത്. അഫോര്‍ഡബിള്‍ ടാലന്‍റ് റേറ്റിംഗില്‍ ഏഷ്യയില്‍ ഒന്നാമതാണ് കേരളം.

നിര്‍ദ്ദിഷ്ട തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ ജോലി, പാര്‍പ്പിടം, ഷോപ്പിംഗ്, ആശുപത്രി, വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളുണ്ടാകും. ദേശീയ പാതയില്‍ കണ്ണൂര്‍-തിരുവനന്തപും വരെ 20 ചെറുകിട 5ജി ഐടി പാര്‍ക്കുകള്‍ വരാന്‍ പോവുകയാണ്. 5000 മുതല്‍ 50000 ചതുരശ്രയടി വിസ്തൃതിയുള്ള ഐടി സ്പേസ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു. സ്വകാര്യ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി ആഗോള ഐടി മേളകളില്‍ പങ്കെടുത്ത് കേരളത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍, മാനവശേഷി ലഭ്യത, നിക്ഷേപസാധ്യതകള്‍ എന്നിവ ലോകവുമായി പങ്ക് വയ്ക്കും.

വ്യവസായങ്ങളും സംരംഭകരും ഒത്തു ചേരുമ്പോള്‍ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തെ എയര്‍കാര്‍ഗോ മേഖലയിലെ സോഫ്റ്റ്‌വെയർ ബിസിനസിന്‍റെ 50 ശതമാനത്തിലധികം ഐബിഎസിന്‍റേതാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഐബിഎസ് സോഫ്റ്റ്‌വെയർ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഐടി മേഖലയുടെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‌വെയർ ജോലി കോഡിംഗില്‍ നിന്ന് ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള പ്രോംപ്റ്റിംഗിലേക്ക് മാറുകയാണ്. ഈ കഴിവ് വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം ഐടി ജീവനക്കാരോട് പറഞ്ഞു.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്ത് മേല്‍ക്കൈ നേടാന്‍ പോകുന്നത്. 2047 ല്‍ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ 50 ശതമാനമാകും. ഈ മാറ്റം ഉപയോഗപ്പെടുത്താന്‍ ഐടി വ്യവസായം പ്രാപ്തരാകണം.

കേരളത്തിലെ ഐടി വ്യവസായ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവ വലിയ പങ്കാണ് വഹിക്കുന്നത്. പുതിയ കാമ്പസിലൂടെ 300 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഐബിഎസ് കേരളത്തില്‍ നടത്തിയതെന്നും വി കെ മാത്യൂസ് പറഞ്ഞു.

കേരളത്തെ അന്താരാഷ്ട്ര ഐടി ഉത്പന്ന ഭൂപടത്തില്‍ കൊണ്ടുവരുന്നതില്‍ വി കെ മാത്യൂസും ഐബിഎസും വഹിച്ച പങ്ക് വളരെ വലുതാണെന്ന് സംസ്ഥാനസര്‍ക്കാരിന്‍റെ ഐടി കാര്യ ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി. ഐബിഎസിന്‍റെ തുടക്ക കാലത്ത് നമ്മുടെ രാജ്യം ഐടി മേഖലയില്‍ നിക്ഷേപസൗഹൃദമല്ലായിരുന്നു. ഇന്ന് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ കമ്പനിയായി ഐബിഎസ് മാറിയത് അഭിമാനാര്‍ഹമാണ്. ഐടി മേഖലയില്‍ കേരളം നിശബ്ദനേട്ടമാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന കമ്പനികളെല്ലാം ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമയാന സോഫ്റ്റ്‌വെയർ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഐബിഎസ് കൊണ്ടുവന്നതെന്ന് ഐബിഎസ് സോഫ്റ്റ്‌വെയർ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടര്‍ ആര്‍മിന്‍ മായര്‍ പറഞ്ഞു. സിയാല്‍ എം ഡി എസ് സുഹാസ്, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എംഡി ഗണേഷ് മണി, ഐബിഎസ് ഗ്ലോബല്‍ എച്ആര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ജയന്‍ പി, അസോസിയേറ്റ് മാനേജര്‍ അശ്വിന്‍ ഐവാന്‍ ജേക്കബ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.


ഇന്‍ഫോപാര്‍ക്ക് ആദ്യ ഫേസിലെ 4.2 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3.2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 14 നിലകളാണുള്ളത്. 3000 പ്രൊഫഷണലുകള്‍ക്ക് ഒരേ സമയം ഇവിടെ ജോലിയെടുക്കാനാകും. 2005 മുതല്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐബിഎസ് ഇതുവരെ ലീസ് ചെയ്ത ഓഫീസുകളിലാണ് പ്രവര്‍ത്തിച്ചു വന്നത്. കമ്പനിയുടെ ആദ്യ സ്വന്തം ഓഫീസ് കെട്ടിടം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്.

കൊവിഡിനു ശേഷം ട്രാവല്‍ വ്യവസായത്തില്‍ സാങ്കേതികവിദ്യയിലേക്കുള്ള പരിണാമം വളരെ പെട്ടന്നായിരുന്നു. ഈ ഐടി സേവനങ്ങളുടെ സിംഹഭാഗവും ഐബിഎസ് വഴിയാതിനാല്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഓഫീസ് ആവശ്യമായി വന്നു. വിപണിക്കാവശ്യമായ വിധത്തില്‍ ആധുനികവും സൗകര്യപ്രദവുമായ തൊഴിലിടം അത്യന്താപേക്ഷിതമായി. കൊവിഡാനന്തര ലോകത്തിലെ ഈ  മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മികച്ച ഗവേഷണ-വികസന സംവിധാനങ്ങളോടെ ഐബിഎസ് ഏറ്റവും മികച്ചസേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖല എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഐബിഎസ് കരസ്ഥമാക്കിയത്. 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐബിഎസില്‍ 42 വ്യത്യസ്ത പൗരത്വമുള്ള 5,000 ലധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു. ഇതില്‍ 35ശതമാനവും സ്ത്രീകളാണ്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ മികച്ച ഇടപെടല്‍ നടത്തുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബൗ പ്രോപര്‍ട്ടി സര്‍വീസസ് എന്ന കമ്പനിയെ ഈ വര്‍ഷമാദ്യം ഐബിഎസ് ഏറ്റെടുത്തിരുന്നു. 750 കോടി രൂപയുടേതായിരുന്നു ഈ ഏറ്റെടുക്കല്‍. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, പ്രോപെര്‍ട്ടി മാനേജ്മന്‍റ് സിസ്റ്റം, റവന്യൂ മാനേജ്മന്‍റ് സിസ്റ്റം എന്നിവയിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ആഡംബരപൂര്‍ണവുമായതുള്‍പ്പെടെ 36,000 ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇതോടെ ഐബിഎസിന്‍റെ സേവനമെത്തുന്നുണ്ട്. 26 വര്‍ഷത്തെ യാത്രയില്‍ ഐബിഎസിന്‍റെ ഒമ്പതാമത് വാണിജ്യ ഏറ്റെടുക്കലാണിത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനിയായ റോയല്‍ കരീബിയനുമായി 2023 നവംബറില്‍ ഐബിഎസ് കരാറിലേര്‍പ്പെട്ടിരുന്നു. ആഗോള ക്രൂസ് വ്യവസായത്തില്‍ 40 ശതമാനം ഐടി സേവന പങ്കാളിത്തത്തോടെ ഏറ്റവും മുന്‍നിരയിലാണ് ഐബിഎസ്.
2023 മേയില്‍ യുകെയിലെ അപക്സ് പാര്‍ട്ണേഴ്സ് 3,800 കോടി രൂപയുടെ ഐബിഎസ് ഓഹരി കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അക്സഞ്ചറിന്‍റെ ഫ്രൈറ്റ് ആന്‍ഡ് ലോജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ബിസിനസ് ഐബിഎസ് ഏറ്റെടുത്തിരുന്നു. ഇതോടെ ചെന്നൈയില്‍ ഐബിഎസിന്‍റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ ഐബിഎസിന് ഓഫീസുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീല്‍, യു കെ , ജര്‍മ്മനി, യുഎഇ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകളുള്ളത്.

 

 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content