മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്കായി കെഎസ് ഡബ്ല്യൂഎംപി, ഐഎഫ്ഇസിയുമായി ധാരണാപത്രം ഒപ്പുവെച്ചു

Trivandrum / February 3, 2024

തിരുവനന്തപുരം: മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഓഡിറ്റ് ചെയ്യുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യൂഎംപി) ചെന്നൈ ആസ്ഥാനമായുള്ള ഇന്‍റര്‍നാഷണല്‍ ഫയര്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഇതിനുള്ള ആദ്യഘട്ട നടപടിയുടെ ഭാഗമായി കെഎസ് ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ഐഎഫ്ഇസി ചീഫ് എക്സിക്യുട്ടീവ് കണ്‍സള്‍ട്ടന്‍റ് സി. അരുണഗിരിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

കേരളത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലോകബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുമ്പ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തീപിടുത്തം തിരിച്ചറിയുന്നതിന് ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ഫലപ്രദമായിരിക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അഗ്നിസുരക്ഷാ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ തോതില്‍ പാലിക്കപ്പെടുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും.

ബ്രഹ്മപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലെ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ ഉണ്ടായതിന് സമാനമായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മാലിന്യ ശേഖരണ കേന്ദ്രങ്ങളിലുണ്ടാകുന്ന വിപത്തുകള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഐഎഫ്ഇസി പോലെ ആഗോള അംഗീകാരമുള്ള കമ്പനിയുടെ സേവനം സഹായകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 പൈതൃക മാലിന്യകേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ 64 മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലും നഗരങ്ങളിലെ 74 മാലിന്യ ശേഖരണ കേന്ദ്രങ്ങളിലുമാണ് അഗ്നിസുരക്ഷാ ഓഡിറ്റ് നടത്തുന്നത്.

Photo Gallery

+
Content