പ്രോബയോട്ടിക് മേഖലയിലെ ഗവേഷണം ശക്തമാക്കണം: ശശി തരൂര്‍

Trivandrum / February 3, 2024

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തില്‍ പ്രോബയോട്ടിക്സിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഈ മേഖലയുമായി ബന്ധപ്പെട്ട അത്യാധുനിക ഗവേഷണങ്ങള്‍ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പോലെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ പ്രോബയോട്ടിക്സ് മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജിസിബി സംഘടിപ്പിച്ച 14-ാമത് പ്രോബയോട്ടിക് സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പണ്ടുകാലം മുതലേ ആയുര്‍വേദത്തില്‍ ആരോഗ്യ പരിപാലനത്തിലെ ആമാശയ ശുദ്ധീകരണത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രോബയോട്ടിക്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചികിത്സാരീതികളും ആയുര്‍വേദത്തില്‍ സജീവമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബയോടെക്നോളജി രാജ്യത്തിന് വളരെയധികം വളര്‍ച്ച നല്‍കുന്ന മേഖലയാണ്. ബയോടെക്നോളജി ഗവേഷണ മേഖലയില്‍ ആര്‍ജിസിബി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തുടനീളം പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രോബയോട്ടിക്സ് മേഖലയിലെ ഗവേഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച മുന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ എന്‍.കെ.ഗാംഗുലി പറഞ്ഞു. മതിയായ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ നിരസിക്കപ്പെട്ടൊരു ചരിത്രമുണ്ട്. എന്നാല്‍ ആരോഗ്യ ചികിത്സയുടെ ഭാഗമായി പ്രോബയോട്ടിക്സിനെ ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ഫാറ്റി ലിവര്‍ പോലെയുള്ള ജീവിതശൈലി രോഗങ്ങളുടെ ചികിത്സയില്‍ പ്രോബയോട്ടിക്സിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകള്‍. ഇതു കഴിക്കുമ്പോള്‍ കുടലിനകത്ത് ഉള്ള ഗട്ട് ഫ്ളോറ മെച്ചപ്പെടുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നു.

ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ഗട്ട് മൈക്രോബിയ ആന്‍ഡ് പ്രോബയോട്ടിക് സയന്‍സ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഫൗണ്ടേഷന്‍ ഡോ. നീരജ ഹജെല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആര്‍ജിസിബി യില്‍ നടക്കുന്ന രണ്ട് ദിവസത്തെ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Photo Gallery

+
Content