സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗങ്ങള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു

Trivandrum / February 2, 2024

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളും ഗവേഷണ-വികസന സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് കേരള (റിങ്ക്) യുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) യിലേക്ക് സന്ദര്‍ശനം സംഘടിപ്പിച്ചു.

ജീവശാസ്ത്ര മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനായുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും അക്കാദമിക സമൂഹവും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സൗകര്യങ്ങളെക്കുറിച്ചും ഐഎവി മായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഐഎവി യിലെ ശാസ്ത്രജ്ഞര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. കേന്ദ്ര ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യങ്ങള്‍ സന്ദര്‍ശിക്കാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും റിങ്കിന് അവസരം ലഭിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും തമ്മിലുള്ള സഹകരണവും ശക്തമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎവി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ പറഞ്ഞു. പരസ്പര സഹകരണത്തോടെയുള്ള പങ്കാളിത്തം ഗവേഷണ-വികസനത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും ചടങ്ങില്‍ നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഇന്‍കുബേഷന്‍ സെന്‍ററിലാണ് ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

ഐഎവി യിലെ ഇന്നൊവേഷന്‍ & ട്രാന്‍സ്ലേഷന്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ (ഐടിഎഫ് സി) പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നു. ജീവശാസ്ത്ര മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള പിന്തുണ ഐടിഎഫ് സി നല്കും.


ഐടിഎഫ് സിയില്‍ ലഭ്യമായ ഇന്‍കുബേഷന്‍ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്:  ao@iav.res.in

 

Photo Gallery

+
Content