ഐബിഎസിന്‍റെ കൊച്ചിയിലെ പുതിയ ക്യാമ്പസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kochi / February 2, 2024

കൊച്ചി: സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്‌വെയറിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനസര്‍ക്കാരിന്‍റെ ഐടി കാര്യ ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍, സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍, ഐബിഎസ് സോഫ്റ്റ് വെയര്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടര്‍ അര്‍മിന്‍ മീര്‍, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എംഡി ഗണേഷ് മണി, തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്‍ഫോപാര്‍ക്ക് ആദ്യ ഫേസിലെ 4.2 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3.2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 14 നിലകളാണുള്ളത്. 3000 പ്രൊഫഷണലുകള്‍ക്ക് ഒരേ സമയം ഇവിടെ ജോലിയെടുക്കാനാകും. 2005 മുതല്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐബിഎസ് ഇതുവരെ ലീസ് ചെയ്ത ഓഫീസുകളിലാണ് പ്രവര്‍ത്തിച്ചു വന്നത്. കമ്പനിയുടെ ആദ്യ സ്വന്തം ഓഫീസ് കെട്ടിടം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്.

വ്യവസായങ്ങളുടെ വിജയത്തിന് മുമ്പെങ്ങുമില്ലാത്ത വിധം സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് കാലം ഈ സ്ഥിതിയ്ക്ക് വേഗം കൂട്ടി. ട്രാവല്‍ വ്യവസായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആയിരക്കണക്കിന് ട്രാവല്‍ സേവനദാതാക്കളും കോടിക്കണക്കിന് ഉപഭോക്താക്കളുമുള്ള ഈ സാഹചര്യത്തില്‍ ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിരിക്കുകയാണ്.

 ഉപഭോക്താവിന് വ്യക്ത്യാധിഷ്ഠിതമായ സേവനങ്ങള്‍ നല്‍കുന്നതിലാണ് ബിസിനസിന്‍റെ വിജയം. സുരക്ഷിതമായ യാത്രയ്ക്കൊപ്പം തന്നെ പ്രധാനമാണ് മികച്ച സംവിധാനങ്ങളും. ഈ ആവശ്യങ്ങള്‍ ഈ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളുടെ പ്രാധാന്യം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിപ്പിക്കുന്നു. സംരംഭത്തിന്‍റെ ഭൗതികമൂല്യത്തേക്കാള്‍ ഡിജിറ്റല്‍ മൂല്യത്തിന് പ്രാധാന്യമേറും. അതിനാല്‍ തന്നെ നൂതനത്വത്തില്‍ ഊന്നിയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലാണ് ട്രാവല്‍ വ്യവസായത്തിന്‍റെ ഭാവി.


ഈ സാഹചര്യത്തിലാണ് ഐബിഎസിന്‍റെ പ്രാധാന്യം. 2023 ഐബിഎസിനെ സംബന്ധിച്ച് മികച്ചതായിരുന്നു. വരും ദിവസങ്ങളില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന നിക്ഷേപം കൂട്ടുന്നതിനോടൊപ്പം മികച്ച പ്രൊഫഷണലുകളെ ജോലിക്കെടുക്കാനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനും ഐബിഎസ് ഉദ്ദേശിക്കുന്നുവെന്നും വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി.

കൊവിഡിനു ശേഷം ട്രാവല്‍ വ്യവസായത്തില്‍ സാങ്കേതികവിദ്യയിലേക്കുള്ള പരിണാമം വളരെ പെട്ടന്നായിരുന്നു. ഈ ഐടി സേവനങ്ങളുടെ സിംഹഭാഗവും ഐബിഎസ് വഴിയാതിനാല്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഓഫീസ് ആവശ്യമായി വന്നു. വിപണിക്കാവശ്യമായ വിധത്തില്‍ ആധുനികവും സൗകര്യപ്രദവുമായ തൊഴിലിടം അത്യന്താപേക്ഷിതമായി. കൊവിഡാനന്തര ലോകത്തിലെ ഈ  മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മികച്ച ഗവേഷണ-വികസന സംവിധാനങ്ങളോടെ ഐബിഎസ് ഏറ്റവും മികച്ചസേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖല എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഐബിഎസ് കരസ്ഥമാക്കിയത്. 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐബിഎസില്‍ 42 വ്യത്യസ്ത പൗരത്വമുള്ള 5,000 ലധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു. ഇതില്‍ 35ശതമാനവും സ്ത്രീകളാണ്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ മികച്ച ഇടപെടല്‍ നടത്തുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബൗ പ്രോപര്‍ട്ടി സര്‍വീസസ് എന്ന കമ്പനിയെ ഈ വര്‍ഷമാദ്യം ഐബിഎസ് ഏറ്റെടുത്തിരുന്നു. 750 കോടി രൂപയുടേതായിരുന്നു ഈ ഏറ്റെടുക്കല്‍. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, പ്രോപെര്‍ട്ടി മാനേജ്മന്‍റ് സിസ്റ്റം, റവന്യൂ മാനേജ്മന്‍റ് സിസ്റ്റം എന്നിവയിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ആഡംബരപൂര്‍ണവുമായതുള്‍പ്പെടെ 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതോടെ ഐബിഎസിന്‍റെ സേവനമെത്തുന്നുണ്ട്. 26 വര്‍ഷത്തെ യാത്രയില്‍ ഐബിഎസിന്‍റെ ഒമ്പതാമത് വാണിജ്യ ഏറ്റെടുക്കലാണിത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനിയായ റോയല്‍ കരീബിയനുമായി 2023 നവംബറില്‍ ഐബിഎസ് കരാറിലേര്‍പ്പെട്ടിരുന്നു. ആഗോള ക്രൂസ് വ്യവസായത്തില്‍ 40 ശതമാനം ഐടി സേവന പങ്കാളിത്തത്തോടെ ഏറ്റവും മുന്‍നിരയിലാണ് ഐബിഎസ്.

2023 മേയില്‍ യുകെയിലെ അപക്സ് പാര്‍ട്ണേഴ്സ് 3,800 കോടി രൂപയുടെ ഐബിഎസ് ഓഹരി കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അക്സഞ്ചറിന്‍റെ ഫ്രൈറ്റ് ആന്‍ഡ് ലോജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ബിസിനസ് ഐബിഎസ് ഏറ്റെടുത്തിരുന്നു. ഇതോടെ ചെന്നൈയില്‍ ഐബിഎസിന്‍റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ആരംഭിച്ചു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ ഐബിഎസിന് ഓഫീസുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീല്‍, യു കെ , ജര്‍മ്മനി, യുഎഇ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകളുള്ളത്.

Photo Gallery

+
Content
+
Content
+
Content