മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കുമായി 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഒമ്പതു കോടി രൂപ അധികപാല്‍ വില പ്രഖ്യാപിച്ചു.

Calicut / February 1, 2024

കോഴിക്കോട് : 30.01.2024 ന് ചേര്‍ന്ന മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗം ക്ഷീരകര്‍ഷകര്‍ക്ക് അധികപാല്‍ വിലയായി 6 കോടി രൂപയും, ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തനഫണ്ടായി 2 കോടി രൂപയും, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡിയായി 1 കോടി രൂപയും നല്‍കുന്നതിന് തീരുമാനിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് അധികപാല്‍ വില - 6 കോടി രൂപ

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍, 2024 ഫെബ്രുവരി  1 മുതല്‍ മാര്‍ച്ച് 31 വരെ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ വീതം അധിക പാല്‍ വില നല്‍കുന്നതാണ്. 6 കോടി രൂപയാണ് മലബാറിലെ കാസറഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്ക് വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരുക. 2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ മേഖലാ യൂണിയന് നല്‍കിയ പാലളവ് അടിസ്ഥാനമാക്കിയാണ് അധിക പാല്‍ വില നല്‍കുന്നത്.

ക്ഷീരസംഘങ്ങള്‍ക്ക് പ്രവര്‍ത്തനഫണ്ട് - 2 കോടി രൂപ

2023 ഡിസംബര്‍ 1 മുതല്‍ 31 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും പാലളവിന് അനുസൃതമായി മേഖലാ യൂണിയന് നല്‍കിയ പാല്‍ ലിറ്റര്‍ ഒന്നിന് 1 രൂപ വീതം, സംഘങ്ങളുടെ പ്രവര്‍ത്തനഫണ്ടായി ഉപയോഗപ്പെടുത്തുന്നതിന് അധിക പാല്‍ വില അനുവദിക്കുന്നതാണ്. ഇത്തരത്തില്‍ പ്രവര്‍ത്തനഫണ്ട് ആയി ക്ഷീര സംഘങ്ങള്‍ക്ക് 2 കോടി രൂപ നല്‍കുന്നതാണ്.

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി - 1 കോടി രൂപ

2024 ജനുവരി മാസം ക്ഷീരസംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡിയും മില്‍മ മലബാര്‍ മേഖലാ യൂണിയന് കീഴിലുള്ള ട്രസ്റ്റിന്‍റെ ചില കാലിത്തീറ്റ ഉല്‍പ്പന്നങ്ങള്‍ക്കും സബ്സിഡി നല്‍കി വരുന്നത് 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും തുടരുന്നതാണ്. ഇപ്രകാരം 1 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ കര്‍ഷകരിലേയ്ക്കായി എത്തുന്നതാണ്.

ഇങ്ങനെ അധിക പാല്‍ വിലയായും കാലിത്തീറ്റ സബ്സിഡിയായും പ്രവര്‍ത്തനഫണ്ടായും 9 കോടി രൂപ 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ക്ഷീരസംഘങ്ങള്‍ക്ക് കൈമാറുന്നതാണെന്ന് മില്‍മ ചെയര്‍മാന്‍ ശ്രീ.കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ജെയിംസ്.കെ.സി എന്നിവര്‍ പ്രസ്താവിച്ചു.

202324 സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകരിലേക്ക് 20.32 കോടി രൂപ അധികപാല്‍ വിലയായും, 3.22 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായും ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്. 2024 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അധികപാല്‍ വിലയായി നല്‍കാന്‍ പോകുന്ന 9 കോടിയടക്കം ആകെ 33 കോടി രൂപ അധികപാല്‍ വിലയായി എത്തിക്കുവാന്‍ സാധിച്ചത് വലിയ ഒരു നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ ശ്രീ.കെ.എസ്.മണി അറിയിച്ചു. ഇതോടെ എല്ലാ കാലത്തേയും പോലെ ഈ സാമ്പത്തിക വര്‍ഷവും ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ അധിക പാല്‍ വില നല്‍കുന്ന ക്ഷീരോല്‍പാദക യൂണിയനായി മലബാര്‍ മേഖലാ യൂണിയന്‍ മാറിയിട്ടുണ്ട്.  

ഇപ്പോള്‍ പ്രഖ്യാപിച്ച അധിക പാല്‍ വില, 2023 ഡിസംബര്‍ 1 മുതല്‍ 31 വരെ  ഡെയറിയില്‍ ലഭിച്ച പാലിന് ലിറ്ററിന് 1.50 രൂപ പ്രകാരം  കണക്കാക്കി  1.02.2024 മുതല്‍ 10.02.2024 വരെയുളള പാല്‍ വിലയോടൊപ്പം നല്‍കുന്നതും, 2024 ജനുവരി 1 മുതല്‍ 31 വരെ  ഡെയറിയില്‍ ലഭിച്ച പാലിന് ലിറ്ററിന് 1.50 രൂപ പ്രകാരം  കണക്കാക്കി മുഴുവന്‍ തുകയും അര്‍ഹരായ  ക്ഷീര  സംഘങ്ങളുടെ ബാങ്ക്  അക്കൗണ്ടുകളിലേക്ക് 1.03.2024 മുതല്‍ 10.03.2024 വരെയുളള പാല്‍ വിലയോടൊപ്പം നല്‍കുന്നതുമാണ്.

 

Photo Gallery