കെഎസ് ഡബ്ല്യുഎംപി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലോകബാങ്ക് സംഘം

Trivandrum / January 29, 2024

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ് ഡബ്ല്യുഎംപി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലോകബാങ്കിന്‍റെ പരിസ്ഥിതി വിഭാഗം സംസ്ഥാനത്തെ നിരവധി നഗര തദ്ദേശ സ്വയംസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.

ലോക ബാങ്കിന്‍റേയും ഏഷ്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റേയും സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി മികച്ച നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ സംഘത്തിന്‍റെ നേരിട്ടുള്ള പരിശോധന സഹായകമായി.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ് ഡബ്ല്യുഎംപി) പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകമാനമുള്ള നഗരസഭകളിലും കോര്‍പറേഷനുകളിലും ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.

ജനുവരി 23 മുതല്‍ 25 വരെ നാല് ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടുന്ന നഗരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘത്തില്‍ സൗത്ത് ഏഷ്യ റീജണല്‍ സെയ്ഫ് ഗാര്‍ഡ്സ് കോര്‍ഡിനേറ്റര്‍ ജോസിഫോ ടുയോര്‍, സൗത്ത് ഏഷ്യ സീനിയര്‍ ഒ.എച്ച്.എസ് കോര്‍ഡിനേറ്റര്‍ നടാസ വെറ്റ്മ, ഇന്ത്യ സെയ്ഫ് ഗാര്‍ഡ്സ് കോര്‍ഡിനേറ്റര്‍ നേഹ വ്യാസ്, പരിസ്ഥിതി വിഭാഗം സീനിയര്‍ എന്‍വിറോണ്മെന്‍റ് സ്പെഷ്യലിസ്റ് ദീപ ബാലകൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്..

സന്ദര്‍ശനത്തിനു ശേഷം കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുമായും സംസ്ഥാന തല പ്രോജക്ട് മാനേജുമെന്‍റ് യൂണിറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും സംഘം കൂടിയാലോചന നടത്തി.

തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ നഗരസഭയിലെ അട്ടക്കുളം ചുടുകാടില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രം, എറണാകുളത്തെ അമ്പലമേടില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശം, കളമശ്ശേരി നഗരസഭയിലെ പൈതൃക മാലിന്യ സംസ്കരണ കേന്ദ്രം, തൃക്കാക്കര, ഏലൂര്‍ നഗരസഭകളിലെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍, തുമ്പൂര്‍മുഴി യൂണിറ്റ്, തൃശൂരിലെ ചാലക്കുടി നഗരസഭയിലെ പൈതൃക മാലിന്യ സംസ്കരണ കേന്ദ്രം, തൃശൂര്‍ കോര്‍പറേഷനിലെ പറവട്ടാനി, കോവിലകത്തുപാടം എന്നിവിടങ്ങളിലെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍, മലപ്പുറത്തെ വളാഞ്ചേരി നഗരസഭയിലെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രം, കോഴിക്കോട് കോര്‍പറേഷനിലെ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംസ്കരണ കേന്ദ്രം, വടകര നഗരസഭയുടെ പുതിയാപ്പിലെ പൈതൃക മാലിന്യ സംസ്കരണ കേന്ദ്രം, നാരായണ നഗറില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംസ്കരണ കേന്ദ്രം, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രം, നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനക്ഷമമാക്കിയ തുണി സഞ്ചി വെന്‍ഡിങ് മെഷീന്‍ കേന്ദ്രം എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.

സംഘത്തെ അനുഗമിച്ച ഡോ.ബീന ഫിലിപ് (കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍), എന്‍.ഷാജിത്ത് മാസ്റ്റര്‍ (മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍), അഡ്വ.എസ്.കുമാരി (ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍), ജി.തുളസീധരന്‍ പിള്ള (ആറ്റിങ്ങല്‍ നഗരസഭാ വൈസ് ചെയര്‍മാന്‍), സ്റ്റേറ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ എസ്.സുബോധ്, സ്റ്റേറ്റ് പ്രൊജക്റ്റ് മാനേജ്മെന്‍റ് യൂണിറ്റിലെ പരിസ്ഥിതി വിഭാഗം വിദഗ്ധന്‍ ഡോ.കണ്ണന്‍ നാരായണന്‍, എസ് ഡബ്ല്യു എം. വിദഗ്ധന്‍ ജെവിക് വി. രായന്‍ ജെ, വിവിധ തലങ്ങളിലെ എസ് ഡബ്ല്യു എംഎന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുമായും സംഘം ആശയവിനിമയം നടത്തി.


തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ സമകാലീന ഫോക്കസുകളില്‍ അതിപ്രധാനമായ ഒന്നാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയ്ന്‍. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ മലിന മുക്തമായ ഒരു നവകേരളത്തെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Photo Gallery

+
Content
+
Content