പതിനഞ്ചിന്‍റെ നിറവില്‍ കോഴിക്കോട് സൈബര്‍പാര്‍ക്ക്

Calicut / January 27, 2024

കോഴിക്കോട്: മലബാറിലെ ഐടി സ്വപ്നങ്ങളുടെ തിലകക്കുറിയായ കോഴിക്കോട് സൈബര്‍പാര്‍ക്ക് പതിനഞ്ചിന്‍റ നിറവില്‍. ഒന്നരദശകത്തിനിപ്പുറം വമ്പന്‍ വികസനപരിപാടികളാണ് സൈബര്‍പാര്‍ക്ക് ആസൂത്രണം ചെയ്യുന്നത്.

 

തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ വന്‍ വിജയത്തെ തുടര്‍ന്ന് ഐടി ആവാസവ്യവസ്ഥ മലബാറിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് 2009 ജനുവരി 28 ന് 42.5 ഏക്കറില്‍ സൈബര്‍പാര്‍ക്ക് ആരംഭിച്ചത്.

 
അഞ്ച് ഏക്കറിലുള്ള  പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തില്‍ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെട്ടിടത്തില്‍  22 സ്റ്റാര്‍ട്ടപ്പ് കമ്പനികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആകെ മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്‍റെ  വിസ്തീര്‍ണം.

 
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഐടി പാര്‍ക്കുകളുടെ വളര്‍ച്ച അതിന്‍റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിന് അനന്തസാധ്യതകളാണുള്ളത്.


കോഴിക്കോടിന്‍റെ സാംസ്ക്കാരിക തനിമയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും മികച്ച ഐടി മേഖലയായി മാറാനുള്ള സാധ്യത കൂട്ടുകയാണെന്ന് സൈബര്‍പാര്‍ക്ക്  സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ചടുലമായ ഐടി അന്തരീക്ഷത്തിന് വേണ്ട അടിസ്ഥാന സൗകര്യമെല്ലാം കോഴിക്കോട്ടുണ്ട്. മലബാറിന്‍റെ സംരംഭകത്വ-നിക്ഷേപ താത്പര്യങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തമാണ്. ആറുവരി ദേശീയ പാതയുടെ പണി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ ഏറ്റവുമധികം ഗതാഗതസൗകര്യമുള്ള ഐടി പാര്‍ക്കായി കോഴിക്കോട് സൈബര്‍പാര്‍ക്ക് മാറും. ഇതോടെ പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും ആകര്‍ഷിക്കാന്‍ സൈബര്‍പാര്‍ക്കിനാകുമെന്നും അദ്ദേഹം പറഞ്ഞു.

 
സാഹിത്യനഗരം, ലോകപ്രശസ്തമായ ഭക്ഷണശൃംഖലകള്‍, കുറഞ്ഞ അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം ഐടി കമ്പനികളെയും ജീവനക്കാരെയും ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഈ അനുകൂല സാഹചര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്താനാകുന്നത് കോഴിക്കോട് സൈബര്‍പാര്‍ക്കിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മികച്ച അടിസ്ഥാനസൗകര്യങ്ങളോടു കൂടിയ സ്ഥലമാണ് സൈബര്‍പാര്‍ക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പാര്‍ക്കിന്‍റെ 180 കി.മി ചുറ്റളവില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
ഫുട്ബോള്‍ ടര്‍ഫ്, ബാഡ്മിന്‍റെണ്‍ കോര്‍ട്ട് , ബാസ്കറ്റ്ബോള്‍ കോര്‍ട്ട് എന്നിവ കൂടാതെ ബൈക്ക്, കാര്‍ എന്നിവയ്ക്കായി ഇ വി  ചാര്‍ജിങ് സ്റ്റേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരേ സമയം മൂന്ന് ബൈക്ക് ചാര്‍ജ് ചെയ്യാന്‍ ഉള്ള സൗകര്യവും ഇവിടെയുണ്ട്. അത്യാധുനിക മാലിന്യസംസ്ക്കരണ സംവിധാനം, അഞ്ച് ലക്ഷം ലിറ്റര്‍ ശുദ്ധജല സംഭരണി എന്നിവയും പൂര്‍ത്തീകരിച്ചു. രണ്ടാമത്തെ ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.


പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന സ്മരണികയും ലോഗോയും സൈബര്‍പാര്‍ക്ക് പുറത്തിറക്കുമെന്നും സിഇഒ അറിയിച്ചു.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content